ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.
വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്നാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.
വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചില്ലെങ്കില്‍ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് കേരളത്തിലെ എംപിമാര്‍ക്ക് കത്തോലിക്ക സഭ മുഖപത്രം ദീപിക മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ മുന്നണി എതിര്‍ത്താലും ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് എംപിമാരോട് ദീപിക ആഹ്വാനം ചെയ്‌തിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ ഒരാള്‍ക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാര്‍ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും. ഇപ്പറയുന്നതിന്റെ ന്യായം കോണ്‍ഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ല. വഖഫ് പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷയാണ്. നിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നതു വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോടു കണക്കു പറയേണ്ട ചരിത്രം – മുഖപത്രത്തില്‍ വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിൽ കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ സ്വീകരിച്ച നിലപാടാണ് കേരള കോൺഗ്രസ് പാർട്ടികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബില്ലിന് അനുകൂലമായി പാർലമെന്റിൽ വോട്ട് ചെയ്യണമെന്ന് കെസിബിസി പരസ്യമായി കേരളത്തിൽ നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ നിലപാട് യുഡിഎഫിൻ്റെ ഭാഗമായ പി.ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനെയും ഇടതുപക്ഷത്തുള്ള കേരള കോൺഗ്രസ് എമ്മിനെയും നേരിട്ട് പ്രതിസന്ധിയിലാക്കുന്നതാണ്. ഒന്നുകിൽ മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുക, അല്ലെങ്കിൽ സഭയുടെ നിലപാടിന് ഒപ്പം നിൽക്കുക. തിരഞ്ഞെടുപ്പ് കാലം മുന്നിലുള്ളപ്പോൾ വോട്ടർമാരെ സ്വാധീനിക്കുന്ന നിർണായകമായ ഒരു വിഷയത്തിൽ തീരുമാനം എടുക്കാനാകാത്ത അവസ്ഥയിലാണ് കേരള കോൺഗ്രസ് പാർട്ടികൾ. സഭ മുന്നോട്ട് വയ്ക്കുന്ന ആവശ്യത്തിൽ തീരുമാനമെടുക്കുന്നത് കേരള കോൺഗ്രസ് പാർട്ടികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല എന്നതിനാൽ കെസിബിസിയുടെ ആഹ്വാനത്തിൽ ഈ പാർട്ടികൾ എടുക്കുന്ന നിലപാട് ഏറെ പ്രധാനമാണ്.
കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ പിന്തുണയ്ക്കണം എന്ന കെസിബിസിയുടെ ആഹ്വാനം ഇതിനോടകം ബിജെപി നേതാക്കൾ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ വിഷയത്തിൽ വ്യക്തമായ ഒരു പ്രതികരണത്തിന് കേരള കോൺഗ്രസ് നേതൃത്വങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. വഖഫ് ബില്ലിൻ്റെ പൂർണചിത്രം വ്യക്തമായ ശേഷം മാത്രമാണ് പ്രതികരണം എന്നാണ് കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയുടെ നിലപാട്.