മുംബൈ: റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അരശതമാനം ഇളവ് വരുത്തിയതെന്നത് നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും ഇരട്ടിമധുരമായി. 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് റീപ്പോനിരക്ക് കുറച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. ഇതോടെ, കഴിഞ്ഞ 3 യോഗങ്ങളായി ഒരു ശതമാനമാണ് പലിശഭാരം കുറഞ്ഞത്.
പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളര്‍ച്ചയക്ക് മുന്‍ഗണന നൽകികൊണ്ടുമാണ് ആര്‍ബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്. വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും.



