ഗാസ: ഹമാസിനെതിരെ ഗാസയിൽ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ തെരുവിലിറങ്ങിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്.
വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ‘പുറത്തുപോകൂ, പുറത്തുകടക്കൂ, ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും‘ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികൾ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.
ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും ബോംബാക്രമണം ആരംഭിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നൂറുകണിക്ക് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരകണക്കിന് ആളുകള്‍ക്ക് വീടുവിട്ട് പാലായനം ചെയ്യേണ്ടിയും വന്നിരുന്നു.
യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു.