ന്യൂയോർക്ക്: റഷ്യ യുക്രൈന് സംഘര്‍ഷത്തില്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് യുഎസിന്റെ മലക്കംമറിച്ചില്‍. യുക്രെയ്ൻ യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെ തിങ്കളാഴ്ച യുഎസ് വോട്ട് ചെയ്തു. യുഎൻ പൊതുസഭയിൽ 93 രാജ്യങ്ങൾ അനുകൂലമായും 18 രാജ്യങ്ങൾ എതിർത്തും വോട്ട് ചെയ്തപ്പോൾ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യു.എസ്, റഷ്യക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത്. യുദ്ധത്തിന്റെ ഉത്തരവാദിത്വം റഷ്യക്ക് മേല്‍ ആരോപിച്ചുകൊണ്ടും സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രമേയം. യൂറോപ്പിന്റെ പിന്തുണയോടെ യുക്രൈനാണ് പ്രമേയം കൊണ്ടുവന്നത്.
റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തിന് മൂന്ന് വർഷം പൂർത്തിയാകുന്നതിനിടെ, യുഎസ് വിദേശ നയത്തിലെ മാറ്റം വ്യക്തമാക്കുന്നതായിരുന്നു ഈ വോട്ടെടുപ്പ്. ജനറൽ അസംബ്ലിയിലും സുരക്ഷാ കൗൺസിലിലും, യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ എതിർ ക്യാംപുകളിൽ നിന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍, സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം തുറന്നുകാട്ടിക്കൊണ്ട്, കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന മറ്റൊരു പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അംഗീകാരം ലഭിച്ചു.
ട്രംപ് പ്രസിഡന്റായതിന് പിന്നാലെ യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് യുഎന്നിലെ ഈ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.