Saturday, November 29, 2025
Mantis Partners Sydney
Home » യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ; മറുപടിയുമായി ചൈന
യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ; മറുപടിയുമായി ചൈന

യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ; മറുപടിയുമായി ചൈന

by Editor

ബീജിങ്: അമേരിക്കയുടെ പകരം ചുങ്കത്തിന് അതേ നാണയത്തിൽ മറുപടിയുമായി ചൈന. യു.എസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ വ്യക്തമാക്കി. ചൈന ഇതുവരെ രണ്ട് ഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുമത്തിയത്. കഴിഞ്ഞ ദിവസം ചൈനീസ് ഉൽപന്നങ്ങൾക്ക് 104 ശതമാനത്തിൽ നിന്നും 125 ശതമാനമായി യു.എസ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടി. പുതിയ തീരുവ ഏപ്രിൽ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചൈന വ്യക്തമാക്കി.

യു.എസ് കൂടുതൽ താരിഫുകൾ ചുമത്തുന്നത് തുടർന്നാൽ അത് സാമ്പത്തികമായി അർത്ഥ ശൂന്യമായ നടപടിയായി പോകും. മാത്രമല്ല ലോക സമ്പത് വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ ഈ നീക്കം തമാശയാകുമെന്നും കമ്മീഷൻ പ്രസ്‌താവനയിൽ പറഞ്ഞു. നിലവിലെ തീരുവയിൽ യു.എസ് ഉൽപന്നങ്ങൾക്ക് ചൈനയിൽ വിപണിയുണ്ടാകില്ല. ഇനിയും തീരുവ ഉയർത്താനാണ് യു.എസ് ആലോചനയെങ്കിൽ തങ്ങൾ അത് അവഗണിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങും യുഎസിന് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഇത്തരത്തിലുള്ള ഏകപക്ഷീയ ഭീഷണികളെ ചൈന ഭയക്കില്ലെന്നായിരുന്നു ഷീ ജിൻപിങ് തുറന്നടിച്ചത്. ഏകപക്ഷീയമായ ഭീഷണികളെ സംയുക്തമായി ചെറുക്കേണ്ടത് അനിവാര്യമാണ്. രാജ്യാന്തര നീതി ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. ഇതേ രീതിയിൽ തുടരാനാണ് യുഎസിൻ്റെ നിലപാടെങ്കിൽ അതിനെതിരെ പോരാടാൻ തങ്ങളും തയ്യറാണെന്നായിരുന്നു ഷീ ജിൻപിങ് വ്യക്തമാക്കിയത്. വ്യാപാര യുദ്ധം മറികടക്കാൻ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ഷി ആവശ്യപ്പെടുകയും ചെയ്തു.

ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!