സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ നടത്തിയത്. ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.
എന്തും വിളിച്ചുപറയുന്നത് നേതാക്കൾ അവസാനിപ്പിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ പ്രശ്‌നമല്ലെന്നും പാർട്ടി നേതാക്കൾ പ്രസ്താവനകൾ നടത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. എം.വി ഗോവിന്ദനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.