മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ എസ്. ജയചന്ദ്രന്‍ നായര്‍ രചിച്ച ‘റോസാദലങ്ങള്‍’ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും നിർമാതാവുമാണ്. പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം.
സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.