കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് പി. ജെ. ഫ്രാൻസിസ്.
മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയിൽ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937-ലാണ് പി.ജെ. ഫ്രാൻസിസിന്റെറെ ജനനം. എന്നും എതിർസ്‌ഥാനാർഥിയുടെ പേരിലാണു പി.ജെ. ഫ്രാൻസിസ് അറിയപ്പെടുന്നത്. മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെ വീഴ്ത്തിയ പി.ജെ. ഫ്രാൻസിസ് അരൂരിൽ കെ.ആർ. ഗൗരിയമ്മയുടെ എതിരാളിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കെ.ആർ. ഗൗരിയമ്മയെ നേരിടാൻ അരൂർ മണ്ഡലത്തിലേക്കായിരുന്നു പാർട്ടിയുടെ നിർദേശം. അരൂരിൽ 1987-ലാണ് കന്നി മൽസരം. രണ്ടാം വട്ടവും ഗൗരിയമ്മയ്ക്കെതിരെ മൽസരിച്ചു തോറ്റു. മൂന്നാംവട്ടം പോരാട്ടം വി.എസ്. അച്യുതാനന്ദനെതിരെ മാരാരിക്കുളത്ത്. 1965 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.ജെ. ഫ്രാന്‍സിസ് അന്ന് ജയിച്ചത്.