തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. നെടുമങ്ങാട് എസ്.സി.എസ്.ടി. കോടതിയാണ് വിധി പ്രസ്താവിച്ചത്. മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11-നായിരുന്നു സുധീഷ് ഒളിവിൽ താമസിച്ചിരുന്ന വീട്ടിലേക്ക് ഗുണ്ടാ സംഘമെത്തി ക്രൂര കൊലപാതകം ആവിഷ്കരിച്ചത്.
ഈ കേസിലെ ഒന്നാം പ്രതിയായ മങ്കാട്ടുമൂല ഉണ്ണി(സുധീഷ്)യുടെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിലും അമ്മയെ ആക്രമിച്ചതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ബന്ധുവിൻ്റെ വീട്ടിൽ ഒളിവിൽക്കഴിയുകയായിരുന്ന സുധീഷിനെ കേസിലെ മൂന്നാം പ്രതി രാജേഷിൻ്റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ഉണ്ണി കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആനന്ദനൃത്തം ചവിട്ടിയത് നാട്ടിലെങ്ങും ഭീതിപരത്തിയിരുന്നു. രണ്ടാം പ്രതി ശ്യാമും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തു. നിധീഷ്, നന്ദീഷ്, രഞ്ജിത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു, സച്ചിൻ എന്നിവരാണ് മറ്റു പ്രതികൾ.
പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ. സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരണപ്പെട്ട സുധീഷ് പട്ടികവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ കേസിന്റെ തുടര്‍വിചാരണ നെടുമങ്ങാട് എസ്എസ്ടി കോടതിയിലേക്കു മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ഗീനാകുമാരിയാണ് ഹാജരായത്.



