ഹൊബാർട്ട്: ടാസ്മാനിയയിലെ രണ്ട് യുണൈറ്റഡ് പെട്രോളിയം ഔട്ട്ലെറ്റുകളിലെ തൊഴിലാളികളുടെ വേതനം കുറവായതുമായി ബന്ധപ്പെട്ട് ഫെയർ വർക്ക് ഓംബുഡ്സ്മാൻ 179,221 ഡോളർ പിഴ ഈടാക്കി. ഹൊബാർട്ടിലെ സാൻഡി ബേയിലും ഹൊബാർട്ടിന് തെക്കുള്ള കിംഗ്സ്റ്റണിലുമുള്ള യുണൈറ്റഡ് പെട്രോളിയം ഔട്ട്ലെറ്റുകളിൽ നാല് തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും, വ്യാജ ശമ്പള സ്ലിപ്പുകൾ നൽകിയതിനും ആണ് പിഴ ചുമത്തിയത്. ഫെയർ വർക്ക് ഓംബുഡ്സ്മാൻ നടത്തിയ അന്വേഷണത്തിൽ, ഇന്ത്യക്കാരും ബംഗ്ലാദേശുകാരും ആയ നാല് തൊഴിലാളികൾക്ക് മണിക്കൂറിന് $16 നും $23 നും ഇടയിൽ ഫ്ലാറ്റ് നിരക്കാണ് ലഭിക്കുന്നതെന്ന് കണ്ടെത്തി, മിനിമം വേതനം, ഓവർടൈം, വാരാന്ത്യം, പൊതു അവധി, ഉച്ചതിരിഞ്ഞ് ഷിഫ്റ്റ് ജോലികൾ എന്നിവയ്ക്കുള്ള നിയമപരമായ വേതനം ഇവർക്ക് നൽകിയിട്ടില്ല. വിദ്യാർത്ഥി വിസയിൽ ഓസ്ട്രേലിയയിൽ എത്തിയവർ ആണ് ഇതിൽ രണ്ടു പേർ.
സാൻഡി ബേ, കിംഗ്സ്റ്റൺ ഔട്ട്ലെറ്റുകൾ നടത്തിയിരുന്ന കെഎൽഎം ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോടതി 135,143 ഡോളർ പിഴ ചുമത്തി, അതിൻ്റെ ഡയറക്ടർ ലവ്ലീൻ ഗുപ്ത $44,078 അധികമായി നൽകണം. ഗുപ്ത മനഃപൂർവം തൊഴിലാളികൾക്ക് വ്യാജ പേ സ്ലിപ്പുകൾ നൽകുകയും വഞ്ചനാപരമായ ടൈംഷീറ്റുകൾ FWO-ക്ക് സമർപ്പിക്കുകയും ചെയ്തു, കൂടാതെ കമ്പനിക്ക് $6,353 അനധികൃതമായി ക്യാഷ്ബാക്ക് പേയ്മെൻ്റ് നൽകാൻ ഒരു തൊഴിലാളിയെ നിർബന്ധിച്ചതായും ഓംബുഡ്സ്മാൻ കണ്ടെത്തി.
കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് “ഓസ്ട്രേലിയൻ സമൂഹത്തിൽ ഒരു പ്രധാന പ്രശ്നമായി തുടരുന്നു” എന്ന് തെളിവുകൾ ചൂണ്ടിക്കാട്ടി ഓംബുഡ്സ്മാൻ ജഡ്ജി പറഞ്ഞു.