വഖഫ് നിയമ ഭേദഗതി ബില്‍ പാർലമെന്റിൽ പാസായാലും അതിനെ നിയമപരമായി നേരിടുമെന്ന് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നിയമമാണിതെന്നും വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും അവർ പറഞ്ഞു. ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
കെട്ടിച്ചമച്ച ഭേദഗതിയാണു കേന്ദ്രം കൊണ്ടുവരുന്നത്. അതിനെ ശക്തമായി എതിർക്കും. എല്ലാ സംസ്‌ഥാനങ്ങളെയും ബാധിക്കും. മുസ്‌ലിം സമുദായത്തെ മാത്രമല്ല വരുംകാലത്ത് മറ്റു സമുദായങ്ങളുടെ സ്വത്തും ഇവർ പിടിച്ചെടുക്കുമെന്ന സൂചനയാണിത്. വിശ്വാസത്തിൽ ഇടപെടുകയാണിവിടെയെന്നും ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കുന്നതാണു നിയമമെന്നും ലീഗ് നേതാക്കൾ പറഞ്ഞു. മുനമ്പത്തെ പ്രശ്‌നം ഇതുമായി ബന്ധിപ്പിക്കരുത്. മുനമ്പം പ്രശ്‌നം കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്ത് തീര്‍ക്കാവുന്നതേയുള്ളൂ. അതിനെ വഖഫുമായി കൂട്ടിക്കെട്ടിയതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട് എന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. മുനമ്പത്തെ ആളുകളെ ഒരു സുപ്രഭാതത്തിൽ ഇറക്കി വിടണം എന്ന അഭിപ്രായം ആർക്കും ഇല്ലെന്നും ഇരുവരും പറഞ്ഞു.