പാക്കിസ്ഥാൻ വ്യോമസേന ചൈനയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35എ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നു. ആദ്യ ബാച്ച് വരും മാസങ്ങളിൽ പാക്കിസ്ഥാനിൽ എത്തുമെന്നു പാക് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ എയർ ഫോഴ്സ് (പിഎഎഫ്) പൈലറ്റുമാർ നിലവിൽ ചൈനയിൽ ജെ-35എയിൽ പരിശീലനം നേടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ പാക്കിസ്ഥാന് ലഭിക്കുന്ന ജെറ്റുകളുടെ എണ്ണമോ കരാറിന്റെ നിബന്ധനകളോ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടില്ല.
അത്യാധുനിക അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം ചൈന ആദ്യമായാണ് മറ്റൊരു രാജ്യത്തിന് വില്‍ക്കുന്നത്. പാക്കിസ്ഥാന്റെ പക്കലുള്ള അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനങ്ങള്‍ കാലാവധി കഴിയുന്നത് കണക്കിലെടുത്താണ് ചൈനീസ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് വാങ്ങുന്നത്. പാക്കിസ്ഥാന് സാമ്പത്തികമായ പ്രതിസന്ധികളില്‍ നട്ടംതിരിയുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ശതകോടികളുടെ ഈ പ്രതിരോധ ഇടപാട്.
ഏഷ്യയില്‍ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം സ്വന്തമായി വികസിപ്പിച്ച ഏക രാജ്യമാണ് ചൈന. ചൈനയുടെ ഷെൻയാങ് ഏവിയേഷൻ കോർപ്പറേഷൻ നിർമ്മിച്ച ജെ-35എയിൽ നൂതന സെൻസറുകൾ, ഉയർന്ന അതിജീവനത്തിനും കൃത്യതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത മൾട്ടി-റോൾ കോംബാറ്റ് ശേഷികൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ആധുനിക വ്യോമ യുദ്ധത്തിൽ തന്ത്രപരമായ മുൻതൂക്കം നൽകുന്ന ശത്രു റഡാർ സംവിധാനങ്ങളുടെ കണ്ടെത്തലില്ലാതെ വിമാനം പ്രവർത്തിക്കാൻ ഈ സവിശേഷതകൾ അനുവദിക്കുന്നു. നിലവില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ പാക് വ്യോമസേനയുടെ പക്കലുണ്ട്. ചൈനയുമായി ചേര്‍ന്ന് നിര്‍മിച്ച ജെ-17 തണ്ടര്‍ വിമാനങ്ങളാണ് പാക്കിസ്ഥാന് ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനമില്ല. ഒരെണ്ണം ഇപ്പോഴും വികസന ഘട്ടത്തിലാണ്. പാക്കിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനം കിട്ടിയാല്‍ ഇന്ത്യ വിദേശ യുദ്ധവിമാനം വാങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍.



