ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് എന്ത് നടപടി സ്വീകരിക്കാനും പൂര്‍ണസ്വാതന്ത്ര്യമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടുനിന്നത്. ഈ ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി. ഇതിന് ശേഷം ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കര- വ്യോമ- നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
ഇന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചത്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. സൈനിക തയ്യാറെടുപ്പുകള്‍ അടക്കം യോഗം വിലയിരുത്തും. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരുന്നത്. ഈ യോഗത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷയതിയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും.



