Monday, September 1, 2025
Mantis Partners Sydney
Home » നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു.
നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു.

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു.

by Editor

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. എംപിമാരായ സോണിയ, രാഹുൽ, ഓവർസിസ് കോൺ​ഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസില്‍ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 25-ന് കോടതി കേസില്‍ വാദംകേള്‍ക്കും.

കഴിഞ്ഞ ശനിയാഴ്ച കേസിൽ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കീഴിലുള്ള സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഡൽഹിയിലെ ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലക് നൗവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എജെഎൽ കെട്ടിടം എന്നിവിടങ്ങളിൽ കണ്ടുകെട്ടൽ നോട്ടീസ് പതിപ്പിച്ചിരുന്നു.

ജവാഹർലാൽ നെഹ്രു 1938-ലാണ് പാർട്ടിമുഖപത്രമായി ‘നാഷണൽ ഹെറാൾഡ്’ തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിൻ്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ.) കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് നാഷണൽ ഹെറാൾഡ് ഇടപാടിൽ 2012-ൽ പരാതിയുമായി രംഗത്തെത്തിയത്. കോടിക്കണക്കിന് ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യ എന്ന പേരിൽ 2010 നവംബറിൽ തട്ടിപ്പുകമ്പനിയുണ്ടാക്കി നെഹ്രു കുടുംബം തട്ടിയെടുത്തുവെന്നാണ് സ്വാമിയുടെ പരാതി. 1600 കോടി രൂപയിലേറെ മൂല്യമുള്ള ഡൽഹിയിലെ ഹെറാൾഡ് ഹൗസ് കമ്പനി, നിയമങ്ങൾ ലംഘിച്ച് വെറും 50 ലക്ഷം രൂപയ്ക്ക് ഇവർ സ്വന്തമാക്കിയെന്നും സ്വാമി ആരോപിച്ചു. 90 കോടി രൂപയുടെ ബാധ്യതയുണ്ടെന്നറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് ‘ഹെറാള്‍ഡ് ഹൗസ്’ വാങ്ങിയെന്നത് വിശ്വാസയോഗ്യമല്ലെന്നും ആരോപണങ്ങളുയര്‍ന്നു. 2008-ൽ എ.ജെ.എൽ. കമ്പനിയുടെ 38 ശതമാനം ഓഹരികളുടെ ഉടമയായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ, 2009-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്‌മൂലത്തിൽ ഈ ഓഹരിയെക്കുറിച്ച് പറയുന്നില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പരാതിയിൽ പറഞ്ഞിരുന്നു.

‘നാഷണൽ ഹെറാൾഡി’ൻ്റെ ബാധ്യത തീർക്കാനായി 2011-ൽ എഐസിസി 90 കോടി രൂപ പലിശരഹിത വായ്‌പയായി അനുവദിച്ചതാണ് അടുത്ത ഘട്ടം. ഇത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും കമ്പനികൾക്ക് വായ്‌പ നൽകാനുള്ള അനുവാദം രാഷ്ട്രീയപ്പാർട്ടിക്കില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.

2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ഔപചാരികമായി ആരംഭിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!