ന്യൂഡൽഹി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ ഹർജി നൽകിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല.
ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചിരുന്നു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയാണ് കേസിലെ ഏക പ്രതി.
നവീന്റെ മരണത്തിന് കാരണം കണ്ടെത്താനും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനും ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് കുടുംബം. ഹർജി ഈയാഴ്ച തന്നെ സുപ്രീംകോടതി പരിഗണിച്ചേക്കും.