ദുബായ്: റംസാൻ മാസത്തിന്റെ വിശുദ്ധിയും കാരുണ്യപ്രവർത്തനങ്ങളുടെ മഹത്തായ പ്രസക്തിയും മുന്നിൽക്കണ്ട്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇത്തവണയും തൊഴിലാളികളുടെ ജീവിതത്തിൽ സ്നേഹസ്പർശം പകർന്നുകൊണ്ടിരിക്കുന്നു. ‘നന്മ ബസ്’ എന്ന പേരിൽ രൂപികരിച്ച ഈ മനുഷ്യത്വപരമായ പദ്ധതിയിലൂടെ ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റംസാനിലെ ആത്മീയതയിലും ഐക്യദാർഢ്യത്തിലും പങ്കെടുപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഈ വർഷം റംസാൻ മാസത്തിൽ 1,50,000 ഇഫ്താർ പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി മേഖലകളിൽ വിതരണം ചെയ്യും.
ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും പിസിഎൽഎ ചെയർമാനുമായ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ഇതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. “‘നന്മ ബസ്’ സംരംഭം ദുബായുടെ സമുചിത വളർച്ചയ്ക്ക് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനും സാമൂഹിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനും സമർപ്പിച്ചിരിക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ്.”
റംസാൻ മാസത്തിന്റെ മഹത്വം പ്രചരിപ്പിച്ച്, ദുബായിലെ തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ‘നന്മ ബസ്’, സഹാനുഭൂതിയുടെയും പരസ്പരസഹകരണത്തിന്റെയും ശക്തമായ സന്ദേശം പകർന്നു കൊണ്ടിരിക്കുകയാണ്.