കൊല്ലം: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടുകുഞ്ഞുങ്ങളും മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുലശേഖരപുരം കൊച്ചുമാമൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ആദിനാട് സൗത്ത് പുത്തന്‍വീട്ടില്‍ ഗിരീഷ് ആനന്ദന്റെ ഭാര്യ താരാ ജി. കൃഷ്ണന്‍ (35), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താരയുടെ ഭർത്താവ് വിദേശത്താണ്. ചൊവ്വാഴ്ച രാത്രിയില്‍ ആനന്ദന്‍ നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം. താരയുടെ പിതാവ് രാവിലെ മുതല്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഇദ്ദേഹം പുറത്തേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യാശ്രമം. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
വീട്ടിൽ തീ പടരുന്നതു കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലാക്കിയ നാട്ടുകാർ ജനൽചില്ലുകൾ പൊട്ടിച്ച് വെള്ളമൊഴിച്ച് തീയണച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽനിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റും പോലീസും സ്ഥലത്തെത്തി. അമ്മയ്ക്കും മക്കൾക്കും സാരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഉടൻതന്നെ മൂന്നുപേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് താര മരിച്ചത്. രാത്രിയോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.