107
തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ പത്ത് കിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ശനി രാത്രി 11.10-ന് സിങ്കപ്പുരിൽനിന്ന് എത്തിയ സ്കൂട്ട് എയർലൈൻസിന്റെ ടി ആർ5 30-ാം നമ്പർ വിമാനത്തിലെ യാത്രക്കാരായ രണ്ടു വിദ്യാർഥികളുടെ ലഗേജിനുള്ളിൽനിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം അഞ്ചു കോടി രൂപയോളം വിലവരുന്നതാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
സിങ്കപ്പുരിൽ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു വിദ്യാർഥികളാണ് കഞ്ചാവ് കടത്തിയത്. പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.