തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ഏതുതരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നറിയാൻ വിശദമായ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ച് പേരെയും ചുറ്റികയ്‌ക്ക് അടിച്ചെന്നാണ് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതമേറ്റിട്ടുണ്ട്. മാല (കൊല്ലപ്പെട്ട പിതൃമാതാവിന്റെ സ്വർണാഭരണം) പണയം വച്ച് പണം വാങ്ങിയെന്ന പ്രതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയതിന്റെ തെളിവാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കിടന്നിരുന്നു.
അഫാൻ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫാൻ്റെ വീട്ടിലെത്തിയത്. കുടംബത്തിൽ എന്ത് പ്രശ്നം വന്നാലും സംസാരിക്കുന്നത് ലത്തീഫിൻ്റെ സാന്നിധ്യത്തിലാണ്. ലത്തീഫ് ഇടനിലയ്ക്ക് വന്നതിന് അഫാന് ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു.
അഫാൻ നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി എലിവിഷം കഴിച്ചെന്ന സൂചനയുള്ളതിനാൽ ആശുപത്രിയിലാണ് നിലവിലുള്ളത്. ഡിസ്ചാർജ് ആയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന്റെ മാനസികനിലയും പരിശോധിക്കും. പ്രതി ഇടയ്‌ക്കിടെ വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാല് സിഐമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. റൂറൽ എസ്പി അന്വേഷണത്തിന് നേതൃത്വം നൽകും.
അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര. ഉറ്റവരും ഉടയവരുമായ 5 പേരെ വെട്ടിയും ചുറ്റികയ്ക്ക് അടിച്ചുമാണ് 23 വയസുകാരൻ അഫാൻ അരുകൊലകൾ നടത്തിയത് എന്നാണ് റിപ്പോർട്ട്. പൊലീസെത്തിയപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും കൊലപാതക വിവരം അറിയുന്നത്. മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങൾ ആണ് നടന്നത്. കൂട്ടക്കുരുതിക്ക് ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. ആറരയോടെ വെഞ്ഞാറമ്മൂട് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി. ആറുപേരെ കൊന്നെന്നും എലിവിഷം കഴിച്ചെന്നും ആണ് പോലീസിന് മൊഴി കൊടുത്തത്. ഒരു പകൽ മുഴുവൻ കൂസലില്ലാതെ ഒന്നിന് പിറകെ ഒന്നായി കൊലപാതകം നടത്തിഎന്നാ വിവരം കേട്ട് നടുങ്ങിയിരിക്കുകയാണ് ആ നാട്.
കേരളത്തെ നടുക്കി കൂട്ടക്കൊലപാതകം; തിരുവനന്തപുരത്തു ബന്ധുക്കളായ 5 പേരെ യുവാവ് കൊലപ്പെടുത്തി.