മെയ് അവസാനത്തോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനെ നേരിടും. നിലമ്പൂര്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുകയാണ് മുന്നണികള്‍. സിപിഎമ്മിന് അന്‍വര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് തിരികെവരാനുള്ള അവസരമാണ് ഇതെങ്കില്‍ യുഡിഎഫിന് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ നിലമ്പൂരില്‍ ആര് വീഴും ആര് വാഴും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2016-ലാണ് നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫിന് നഷ്ടമായത്. ആര്യാടന് മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ മകൻ ആര്യാടന് ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും വിജയിച്ചില്ല. ഒരിക്കല്‍ കൈവിട്ട മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം ആര്യാടന് ഷൗക്കത്ത് പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി അധ്യക്ഷനായ വി.എസ്. ജോയിക്ക് ചെറുപ്പത്തിന്റെ കരുത്തില്‍ മണ്ഡലം പിടിക്കാനാവുമെന്ന പ്രതീക്ഷയിൽ തിരഞ്ഞെടുപ്പ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തുടങ്ങിയിട്ടുമുണ്ട്. ക്രൈസ്ത സമുദായത്തിന്റെയും മുസ്ലീം ലീഗിന്റേയും പിന്തുണയും ജോയ് പ്രതീക്ഷിക്കുന്നുണ്ട്. ലീഗ് നേതാക്കളുമായുള്ള അടുപ്പവും മലപ്പുറത്ത് യുഡിഎഫ് മുന്നണിയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ജോയിക്ക് അനുകൂലമാകും. രണ്ടു പേരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം അറിയിച്ചതോടെ രണ്ടിലൊരാളെ തിരഞ്ഞെടുക്കല്‍ കോണ്‍ഗ്രസിന് അത്ര എളുപ്പമാവില്ല. ഹൈ കമാൻഡ് തന്നെ തീരുമാനം എടുക്കേണ്ടി വരും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.
പി.വി അന്‍വറിലൂടെ പിടിച്ചെടുത്ത ആര്യാടന്റെ ഉരുക്കുകോട്ട പി.വി അന്‍വറിലൂടെ തന്നെ നഷ്ടമാകുമോ എന്നതാണ് സിപിഎമ്മിനുള്ള പ്രധാന ആശങ്ക. അന്‍വര്‍ മണ്ഡലമൊഴിഞ്ഞതു മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വരാജ്, ജില്ലാ കമ്മറ്റി അംഗം പി. ഷബീര്‍, മേഖല കമ്മിറ്റി അംഗം വി.എം. ഷൗക്കത്ത് എന്നിവരുടെ പേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിനെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തില്‍ ആരും ജയിച്ചിട്ടില്ലാത്ത മണ്ഡലം കൂടിയാണ് നിലമ്പൂര്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് വാദിക്കുന്ന ഇടതുപക്ഷത്തിന് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാനുള്ള അവസാന തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരില്‍ നടക്കാൻ പോകുന്നത്.
ബിജെപിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍ എങ്കിലും സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്ത്തിയേപറ്റൂ. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട് എന്നാണ് സൂചന. അല്ലെങ്കിൽ ബിജെപി ഈസ്റ്റ് ജില്ലാ കമ്മറ്റി അംഗം രശ്മില് നാഥ്, മേഖലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍, കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറും വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാവും പരിഗണിക്കുക.