ജോർദാനിൽ വെടിയേറ്റ് മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മരണവുമായി ബന്ധപ്പെട്ട് ഇൻ്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മരിച്ച സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കുകയാണ് ഐബി.
തീരമേഖലകളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരം ശേഖരിക്കാനാണ് അന്വേഷണം ശക്തമാക്കുന്നത്. വിദേശത്ത് ജോലി നൽകുമെന്ന് പറഞ്ഞ് ഉയർന്ന തുക കൈപ്പറ്റി ആളുകളെ അയക്കുന്ന സംഘങ്ങളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
കൂടെയുണ്ടായിരുന്ന തോമസ് ഗബ്രിയേലിന്റെ ബന്ധു എഡിസണിന് ഗുരുതരമായി പരിക്കേൽക്കുകയും, പിന്നീട് കേരളത്തിലെത്തിയ എഡിസണിലൂടെ കുടുംബവും നാട്ടുകാരും ഗബ്രിയേലിന്റെ മരണവിവരം അറിയുകയായിരുന്നു. സൈനികരുടെ വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗബ്രിയേലിന്റെ മൃതശരീരം നാട്ടിലേക്ക് എത്തിക്കണമെന്ന ആവശ്യത്തോടെ സംസ്ഥാന സർക്കാർ ജോർദാനിലെ ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചു. എംബസി മരണവിവരം സ്ഥിരീകരിച്ചു.
അടുത്തകാലത്ത് മലയാളികളെ റഷ്യൻ-യുക്രൈൻ യുദ്ധമുഖത്തേക്ക് കബളിപ്പിച്ച് കൊണ്ടുപോയ സംഭവങ്ങൾ ഉണ്ടായിരുന്നു. സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്ത് റഷ്യയിൽ എത്തിച്ച ശേഷം അവരെ യുദ്ധസേനയിലേക്ക് ചേർക്കുമായിരുന്നു.
ജോർദാനിൽ സംഭവിച്ചത് എന്ത്?
സന്ദർശക വിസയുമായി ജോർദാനിൽ എത്തിയ തോമസ് ഗബ്രിയേൽ, ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റാണ് മരണം സംഭവിച്ചത്. സൈന്യം തടയാൻ ശ്രമിക്കുമ്പോൾ, തോമസ് ഉൾപ്പെടെയുള്ളവർ പാറക്കെട്ടുകൾക്ക് സമീപം ഒളിച്ചിരുന്നു. തുടർന്ന് സൈന്യം വെടിയുതിർക്കുകയായിരുന്നു.
തോമസ് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിന്നിൽ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു? മനുഷ്യക്കടത്തുമായോ യുദ്ധസംഘടനകളുമായോ ബന്ധമുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.