റായ്പുർ: ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. വെടിവയ്പിൽ ഒരു ജില്ലാ റിസർവ് ഗാർഡ് (DRG) സൈനികന്റെയും ജീവൻ നഷ്ടമായി.
ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മാത്രം 26 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് സുരക്ഷാ സേന വൻതോതിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. അതേസമയം, കാന്‍കര്‍, നാരായണ്‍പുര്‍ ജില്ലകളിലെ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ കൂടി സേന വെടിവച്ചു വീഴ്ത്തി.
ഇപ്പോൾ ദന്തേവാഡ–ബിജാപൂർ വനാതിര്‍ത്തിയില്‍ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് ഈ ആക്രമണങ്ങൾ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സേനയുടെ വലിയ വിജയമായി കണ്ടിരിക്കുന്ന ഈ ഓപറേഷന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദനം അറിയിച്ചു. “നക്‌സൽ വിമുക്ത ഭാരത് അഭിയാൻ” ലക്ഷ്യം വച്ചുള്ള നീക്കത്തിൽ ഇത് മറ്റൊരു വിജയഘട്ടമാണെന്നും, 2026 മാർച്ച് 31-നകം ഇന്ത്യയെ മാവോയിസ്റ്റ് അക്രമങ്ങളിൽ നിന്ന് പൂര്‍ണമായും മോചിതമാക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.