ഭാവാഭിനയത്തിൽ മലയാളിയെ മറികടക്കാൻ മറ്റൊരു മനുഷ്യനും കഴിയില്ല എന്നതു പച്ചപരമാർത്ഥം. ജീവിതത്തിലുടനീളം അഭിനയമാണ്. അഭിനയിക്കാൻ അറിയാത്തവർ സമൂഹത്തിൽ മാത്രമല്ല വീടിനുള്ളിൽപോലും പിന്തള്ളപ്പെടുന്നു എന്ന അവസ്ഥയാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും അഭിനയം പഠിച്ചിരിക്കണം. അതിനായി നാട്യശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ‘നവരസങ്ങൾ ‘ എന്ന ഒൻപതു ഭാവങ്ങൾ ഇവിടെ ചേർക്കുകയാണ്.
അതിൽ പ്രഥമ ഭാവമായ ‘ശൃംഗാരം’ കൗമാരപ്രായമെത്തിയ കുമാരികുമാരന്മാർക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലല്ലോ. ‘ഹാസ്യം‘ എന്ന രണ്ടാം രസം നവമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണല്ലോ. ആ ഹാസ്യപരിപാടികൾ കണ്ടു ചിരിക്കാൻ കഴിയുന്നവർ ഹാസ്യഭാവം വശമുള്ളവരാണ്. ആ പരിപാടികൾ കണ്ടു മനസ്സ് ശോകമൂകമാകുന്നുവെങ്കിൽ മൂന്നാമത്തെ ‘കരുണരസം‘ ആയി. ക്രോധമാണ് തോന്നിയതെങ്കിൽ നാലാം രസം ‘രൗദ്രം’ നന്നായി അറിയാം. വീരശൂര്യ പരാക്രമികൾ ആയവർക്കു ‘വീരവും‘ പേടിത്തൊണ്ടന്മാർക്കു ‘ഭയാനകവും‘ നല്ലതുപോലെ അഭിനയിക്കാൻ സാധിക്കും. ‘ബീഭത്സം’ വേഷവിധാനങ്ങളിൽ കൂടി സ്വായത്തമാക്കാം.
കലുഷിതമായ ഈ കാലത്തിൽ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നിർവികാരമായി നേരിടാൻ കഴിയുന്നവർ ‘നവരസ‘ങ്ങളിൽ അവസാന ഭാവമായ ‘ശാന്തം‘ ഗംഭീരമായി അഭിനയിക്കും.
ജോസഫ് റൂസ്
“തിന്മ പലപ്പോഴും ജയിക്കാറുണ്ട്. പക്ഷേ, ഒരിക്കലും കീഴടക്കാറില്ല”
ജോസഫ് മസീനി
“മനുഷ്യ സമുദായത്തിന്റെ പുരോഗതിയിലെ നാഴികക്കല്ലുകളാണ് മഹാന്മാർ.”
ജോർജ് എലിയട്ട്
“കർത്തവ്യ അനുഷ്‌ഠാനത്തിന്റെ പ്രതിഫലം മറ്റൊന്നുകൂടി ചെയ്യാനുള്ള ശക്തിയാണ്”
“എല്ലാം ക്ഷമിച്ചാൽ എല്ലാം മനസ്സിലാകും”.
ജോർജ് ഓർവെൽ
“സ്വാതന്ത്ര്യമെന്നാൽ രണ്ടും രണ്ടും നാലാണെന്നു പറയാനുള്ള അവകാശമാണ്”
ജോർജ് കാനിംഗ്
“സത്യമൊഴിച്ചു എല്ലാം കണക്കുകൾകൊണ്ട് തെളിയിക്കാം”
ജോർജ് ബില്ലിംഗ്സ്
“ഉപദേശം ആവണക്കെണ്ണ പോലെയാണ്. കൊടുക്കാൻ എളുപ്പം. സ്വീകരിക്കാൻ പ്രയാസം”.
ജോർജ് മുള്ളർ
“ദൈവത്തിന്റെ നേരെ ഒരടി നടക്കുന്നവന്റെ സമീപത്തേയ്ക്കു അവിടുന്ന് ഓടിവരും”
ജോർജ് സാൻഡ്
“ജീവിതത്തിൽ നിന്നു നമുക്ക് ഒരേടുമാത്രമായി ചീന്തിയെടുക്കാനാവില്ല. പക്ഷേ, ഗ്രന്ഥം അപ്പാടെ തീയിലേക്കെറിയാം”.
ജോർജ് സന്തായന
“സത്യം ക്രൂരമാണ്. അതിനെ സ്നേഹിക്കുന്നവരെ അതു സ്വതന്ത്രമാക്കുന്നു”
ജോർജ് ഹെർബർട്
“പ്രശംസ സുഹൃത്തുക്കളെയും സത്യം ശത്രുക്കളെയും കൊണ്ടുവരുന്നു”
“കടലിനെ പ്രശംസിച്ചുകൊള്ളൂ, പക്ഷേ, കാലുറപ്പിക്കുന്നത് കരയിലായിരിക്കണം”
“നുണയിൽ വിശ്വസിക്കുന്നവൻ സത്യംമൂലം മരിക്കും”
ജോർജ് വാഷിംഗ്ഡൺ
“അപവാദത്തിനുള്ള മറുപടി മൗനമാണ്”
ജോർജസ് ബർണാനോസ്
“അല്പം സഹസപ്പെട്ടിട്ടായാലും സഫലമാക്കേണ്ട ഒന്നാണ് പ്രതീക്ഷ”
ജോഹാരീസ്
“കാര്യങ്ങൾ കുഴഞ്ഞുമറിയുന്നു എന്നതുകൊണ്ടു കുഴഞ്ഞുമറിയുന്നതിന്റെ പിമ്പേ പോകരുത്”
ജോനാഥാൻ സ്വിഫ്റ്റ്
“അന്യോന്യം വെറുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മതങ്ങൾ വേണ്ടുവോളമുണ്ട്. പക്ഷേ, പരസ്പരം സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്നവ ആവശ്യത്തിനില്ല”
“കണ്ടുപിടിത്തങ്ങൾ യൗവനത്തിന്റെ കഴിവാണ്”.
ടാസിറ്റസ്
“അഴിമതി നിറയുമ്പോൾ നിയമങ്ങളും വർദ്ധിക്കുന്നു”
“മരുഭൂമി സൃഷ്ടിച്ചിട്ട് ആളുകൾ അതിനെ സമാധാനമെന്നു വിളിക്കുന്നു”.
ടെന്നിസൺ
“ലോകം സ്വപ്നം കാണാത്ത അനേകം കാര്യങ്ങൾ പ്രാർത്ഥനവഴി സാധിച്ചിട്ടുണ്ട്”
“കരുണയുള്ള ഹൃദയം കിരീടത്തേക്കാൾ അമൂല്യമാണ്”
ടെമ്പിൾ ആർ. ഡബ്ലിയു.
“ഒരു മനുഷ്യന്റെ ഏറ്റവും വലിയ മിത്രം അയാളുടെ വിവേകവും വലിയ ശത്രു അയാളുടെ വിഡ്ഢിത്തവുമാണ്”
ടോൽസ്റ്റോയി
“ഓരോ മനുഷ്യനും ജീവിക്കുന്നത് സ്വന്തമായ സംരക്ഷണംകൊണ്ടല്ല, സ്നേഹംകൊണ്ടാണ്”
“സ്വന്തം സഹോദരന്മാരുടെ കൊടുംയാതനകളിൽ നിന്നും ഒഴിഞ്ഞുമാറി ജീവിത സമരത്തിൽനിന്നും മോചനം നേടുകയെന്നതാണ് ഇന്നത്തെ ക്രിസ്തീയ ദർശനം”
“ഓട്ട വീണു വെള്ളം കയറി മുങ്ങാൻ തുടങ്ങുന്ന ഒരു വള്ളത്തിലെ യാത്രക്കാരാണ് നമ്മൾ. എല്ലാവരും ഒന്നുചേർന്നു വെള്ളം മുക്കികളഞ്ഞില്ലെങ്കിൽ ഫലമെന്താകും?”
ഡയോജനസ്
“അധികാരികളുടെ അടുത്തുപോകുന്നവർ തീയുടെ അടുത്തുപോകുന്നതുപോലെ ശ്രദ്ധിക്കണം. അധികം അടുത്താൽ പൊള്ളും. അധികം അകന്നാൽ മരവിച്ചുപോകും”
ഡാനിയൽ വെബ്സ്റ്റർ
“പരാജയം മിക്കപ്പോഴും മൂലധനം ഇല്ലാത്തതുകൊണ്ടല്ല, ഊർജമില്ലാത്തതുകൊണ്ടാണ്”
തുടരും…
എ വി ആലയ്ക്കപ്പറമ്പിൽ