ജറുസലേം: ഗാസയില്‍ ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ 300ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 19-ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റി, മധ്യ ഗാസയിലെ ദെയ്ര്‍ അല്‍-ബലായ്, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനപ്രകാരം ഗാസ മുനമ്പിലെ ഹമാസ് ഭീകര കേന്ദ്രങ്ങളില്‍ നിലവില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയ്ക്ക് സമീപമുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാനും ഇസ്രായേല്‍ ഉത്തരവിട്ടു. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
അതേസമയം ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. എന്നാല്‍ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.