ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്തര്‍ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അമീരി ദിവാന്‍ അറിയിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ 9 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യവും കൂട്ടിച്ചേര്‍ത്താല്‍ ജീവനക്കാര്‍ക്ക് ആകെ 11 ദിവസത്തെ അവധി ലഭിക്കും. ഏപ്രില്‍ 8 ചൊവ്വാഴ്ച സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
അതിനിടെ, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (QFMA) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രത്യേകമായി പ്രഖ്യാപിക്കും.
ഖത്തറിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാർച്ച് 26, 27 (റമദാൻ 26, 27) തീയതികളിൽ അവധി നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് പൊതുവിദ്യാലയങ്ങൾക്കും ചില സ്വകാര്യ സ്കൂളുകൾക്കും ബാധകമായിരിക്കും.
ഈദുല്‍ ഫിത്തറിന്റെ ആഘോഷത്തിനായി ദോഹ, ലുസൈൽ, ആസ്പെയർ സോൺ, ഖത്താറ, മാൾ ഓഫ് ഖത്തർ, പ്ലേസ് വെൻഡോം, ഏഷ്യൻ ടൗൺ എന്നിവിടങ്ങളിൽ വിവിധ കലാ-സംഗീത പരിപാടികളും പരമ്പരാഗത പ്രകടനങ്ങളും നടക്കും.