മാവേലിക്കര: കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിൽ ചെയർമാൻ കെ.വി. ശ്രീകുമാറിനെതിരെ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റും പാർലമെൻ്ററി പാർട്ടി സെക്രട്ടറിയുമായ അനി വർഗീസ് അവതാരകനും, ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ലളിതാ രവീന്ദ്രനാഥ് അനുവാദകയുമായി ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് പാർലമെൻ്ററി പാർട്ടി ലീഡർ നൈനാൻ സി. കുറ്റിശ്ശേരി നേതൃത്വത്തിൽ കൗൺസിലർമാർ ആലപ്പുഴ ജെ.ഡി ഓഫീസിൽ കൈമാറി.
നഗരസഭയിലെ നിലവിലെ കക്ഷി നില കോൺഗ്രസ് – 9, ബി.ജെ.പി – 9, എൽ.ഡി.എഫ് – 9, സ്വതന്ത്രൻ – 1 എന്നതാണ്. സ്വതന്ത്രനായി ജയിച്ച ശ്രീകുമാറിനെ പിന്തുണച്ച് കോൺഗ്രസ് ഭരണത്തിൽ എത്തുകയായിരുന്നു. ആദ്യം മൂന്ന് വർഷം ചെയർമാൻ സ്ഥാനം ശ്രീകുമാറിനും, പിന്നീടുള്ള രണ്ട് വർഷം കോൺഗ്രസ് ചെയർമാനുമെന്ന ധാരണയിലായിരുന്നു ഭരണകൂടം.
എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും ശ്രീകുമാർ സ്ഥാനമൊഴിയാൻ തയ്യാറാകാത്തതിനാൽ, കോൺഗ്രസ് പിന്തുണ പിൻവലിച്ചെങ്കിലും അവിശ്വാസ പ്രമേയം നീണ്ടുനിന്നത് വലിയ വിമർശനത്തിന് ഇടയാക്കി. ശ്രീകുമാറിന്റെ പിന്തുണയോടെ കോൺഗ്രസ് വൈസ് ചെയർമാനെയും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനെയും നിലനിർത്തിയതും വിവാദമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെയർമാനെതിരെ അവിശ്വാസ പ്രമേയം കോൺഗ്രസ് മുന്നോട്ട് വച്ചത്.