കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പൊലീസ് ഡ്രൈവർമാരായ ഷൈനിത്ത്, കെ. സനിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കോഴിക്കോട് വിജിലൻസ് വിഭാഗത്തിലെയും സിറ്റി കൺട്രോൾ റൂമിലെയും ഡ്രൈവർമാരാണിവർ. രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ഇവിടത്തെ സ്ഥിരം സന്ദർശകരാണെന്നും കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ് കണ്ടെത്തൽ. ഇരുവർക്കുമെതിരെ സിറ്റി പൊലീസ് കമ്മിഷണർ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ടയച്ചിരുന്നു. പൊലീസ് സേനയ്ക്കു തന്നെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് ഇവർക്കെതിരെ കടുത്ത നടപടിയെടുത്തതെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പൊലീസ് റെയ്ഡ് നടത്തിയ, അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്ത നിമീഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. നടക്കാവ് ഇൻസ്പെക്‌ടർ എൻ.പ്രജീഷിൻ്റെ അന്വേഷണത്തിൽ, പൊലീസുകാർക്ക് അനാശാസ്യ കേന്ദ്രത്തിൽ നിന്നു പണം ലഭിച്ചതായി സൂചന ലഭിച്ചിരുന്നു. ഇവർ കേന്ദ്രവുമായി ബന്ധം പുലർത്തുകയും കേന്ദ്രത്തിനു നിരന്തരം ഒത്താശ ചെയ്തതായും വിവരം ലഭിച്ചു. തുടർന്ന് അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്കു കൈമാറുകയായിരുന്നു. നേരത്തെ അറസ്‌റ്റിലായ 9 പ്രതികളുടെ കേസിനൊപ്പം 3 പേരെ ഉൾപ്പെടുത്തി എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.
പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരായ പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായിരുന്ന പൊലീസുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നത്.