Thursday, October 16, 2025
Mantis Partners Sydney
Home » കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്.
കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്.

കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്.

by Editor

ഒട്ടാവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്കാണ് നടക്കുന്ന തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ പ്രധാനമന്ത്രി മാർക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പോളിവെറുമാണ് പ്രധാനമന്ത്രി സ്ഥാനാർഥികളിൽ പ്രധാനികൾ. അഭിപ്രായസർവേകളിൽ മുന്നിൽ കാർണി തന്നെയാണ്.

സാമ്പത്തികപ്രതിസന്ധി, കുടിയേറ്റപ്രശ്‌നം, യുഎസുമായും ഇന്ത്യയുമായുമുള്ള നയതന്ത്രപ്പോര്, തീരുവ തുടങ്ങി വിവിധ പ്രശ്നങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുൻ കേന്ദ്രബാങ്ക് ഗവർണറായ കാർണിയെത്തിയത്. സർക്കാരിന് ഒക്ടോബർവരെ കാലാവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു. ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറൽ പാർട്ടി തകർന്നടിയുമെന്നായിരുന്നു സർവേഫലങ്ങളെല്ലാം.

മാർച്ചിൽ പിരിച്ചുവിട്ട പാർലമെൻ്റിൽ ലിബറലുകൾക്ക് 152 സീറ്റും കൺസർവേറ്റീവുകൾക്ക് 120 സീറ്റുമാണുണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിങ്ങിൻ്റെ ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ലിബറൽസർക്കാർ ഭരണത്തിലെത്തിയത്. 2.82 കോടി രജിസ്ട്രേഡ് വോട്ടർമാരാണ് കാനഡയിലുള്ളത്. 73 ലക്ഷം പേർ മുൻകൂറായി വോട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവയുദ്ധത്തിൻ്റെയും കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കുമെന്ന ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനസംഖ്യാവർധനയ്ക്ക് ആനുപാതികമായി 2021-ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ചുസീറ്റ് ഇക്കുറി കൂട്ടി. 172 സീറ്റാണ് സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം.

Send your news and Advertisements

You may also like

error: Content is protected !!