വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം രാവിലെ 7.35 നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ സ്വർഗീയ യാത്രയായത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14 -ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നാൽപതോളം ദിവസം അദേഹം ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തനാവുകയും അനാരോഗ്യവാനാണെങ്കിലും വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തിരുന്നു.
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 -ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731-741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള മാർപാപ്പയും അദ്ദേഹമാണ്.
1936 ഡിസംബർ 17-ൽ അർജൻറീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13-ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980-ൽ സാൻ മിഗ്വൽ സെമിനാരി റെക്ടടറായി. 1992-ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998-ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. 2001-ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്ഠിച്ചു. 2005-ൽ അർജന്റീനയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013-ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.