കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കത്തിന് പരിഹാരം കണ്ടെത്താൻ വിളിച്ചു ചേർക്കുന്ന സമ്മേളനത്തിനെത്തുന്ന വൈദികർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ അതിരൂപതയുടെ പാസ്റ്ററൽ സെന്ററായ കലൂർ റിന്യൂവൽ സെൻ്ററിലാണ് യോഗം. ജൂൺ അഞ്ചിന് നടന്ന വൈദിക സമിതിയുടെ തുടർച്ചയാണ് ഈ വൈദിക സമ്മേളനം. ഏകദേശം നാനൂറോളം വൈദികർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
കലൂർ റിന്യൂവൽ സെൻ്റർ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താൻ അനുവദിക്കില്ലെന്നുമുള്ള അവകാശ വാദവുമായി വൺ ചർച്ച് വൺ കുർബാന മൂവ്‌മെൻ്റ് രംഗത്തു വന്നിരുന്നു. വിഷയത്തിൽ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിർദേശം. കർശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി നിർദേശിച്ചു. വർഷങ്ങൾ നീണ്ട ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് യാതൊരു കാരണവശാലും തടസമുണ്ടാകരുതെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.