ന്യൂ ഡൽഹി: രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. വിമാനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തണമെന്നും എയര്‍ലൈന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ഏകോപനം ശക്തിപ്പെടുത്തണമെന്നും ഡിജിസിഎ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി.
അപകടമുണ്ടായി ഇന്നലെവരെ എയര്‍ ഇന്ത്യ സുരക്ഷാ പരിശോധനയുടെ ഭാഗമായി റദ്ദാക്കിയത് 66 വിമാനങ്ങളാണ്. അധിക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്പേസിലെ തിരക്കും കാരണമാണ് സർവീസ് റദ്ദാക്കേണ്ടി വന്നതെന്നും, അല്ലാതെ സാങ്കേതിക തകരാർ കാരണമല്ലെന്നുമാണ് എയർ ഇന്ത്യ നല്കുന്ന വിശദീകരണം.
271 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ട്രെയിനിങ് റെക്കോര്‍ഡുകള്‍ ഡിജിസിഎ വിശദമായി പരിശോധിച്ചു. കൂടാതെ പൈലറ്റുമാര്‍ നാളിതുവരെ നടത്തിയ യാത്രയുടെ വിവരങ്ങളും അവരുടെ മറ്റ് ക്വാളിഫിക്കേഷന്‍സും ആരോഗ്യനിലയെ സംബന്ധിച്ച റെക്കോര്‍ഡുകളും ഡിജിസിഎ വിശദമായി പരിശോധിച്ചു. ഇതില്‍ തകരാറുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.