ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനം തകർത്തുവെന്ന പാക്കിസ്ഥാൻ്റെ അവകാശവാദം തള്ളി ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയർ. ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും ലഭ്യമായിട്ടില്ലെന്നും എറിക് പറഞ്ഞു. ഫ്രഞ്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാൽ എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ല. മൂന്ന് റാഫേലുകൾ തകർത്തുവെന്ന പാകിസ്ഥാന്റെ അവകാശവാദം ശരിയല്ല. യുദ്ധം വിജയിച്ചോ എന്ന് വിലയിരുത്തുന്നത് യുദ്ധസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചോ എന്നതിനെ അടിസ്ഥാനമാക്കിയാകരുത്. ദൗത്യം ലക്ഷ്യസ്ഥാനത്തെത്തിയോ, ലക്ഷ്യം നേടിയോ എന്ന് നോക്കിയാണ് വിജയം ഉറപ്പിക്കേണ്ടതെന്നും” എറിക് പറഞ്ഞു.
റാഫേൽ യുദ്ധവിമാനം ഇന്ത്യ വാങ്ങിയതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. എന്നാൽ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള അവകാശവാദത്തെ ഇന്ത്യൻ പ്രതിരോധ വിദഗ്ധരും മാദ്ധ്യമങ്ങളും ചോദ്യം ചെയ്തിരുന്നു. അവകാശവാദങ്ങൾക്ക് തെളിവുകൾ നിരത്താൻ പാക് സേനയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.