ന്യൂ ഡൽഹി: ഇന്ത്യ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയിലൂടെയുള്ള ബംഗ്ലാദേശ് ചരക്കുകളുടെ ട്രാൻസ്ഷിപ്പ്മെന്റ് അനുവദിക്കില്ലെന്ന് കേന്ദ്ര റവന്യു വകുപ്പ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് ഇതിനകം പ്രവേശിച്ച ചരക്കുകൾക്ക് മാത്രം ഇളവ് അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. ബംഗ്ലാദേശിലെ കയറ്റുമതി മേഖലയ്‌ക്ക് കനത്ത പ്രഹരമാകും ഇന്ത്യയുടെ ഈ തീരുമാനം ഏൽപ്പിക്കുക.
ചൈന സന്ദർശനത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇന്ത്യ നടപടി കടുപ്പിച്ചത്. ഇന്ത്യയിലെ ഏഴ് കിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും അവർക്ക് സമുദ്രത്തിലേക്ക് എത്താൻ ഒരുവഴിയുമില്ലെന്നായിരുന്നു യൂനുസിന്റെ പരാമർശം. ആ മേഖലയിൽ കടലിൽ പ്രാമുഖ്യമുള്ളത് ബംഗ്ലാദേശിനാണെന്നും അതിനാൽ ചൈനയ്ക്ക് തങ്ങൾ വഴി അവരുടെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാമെന്നും യൂനുസ് പറഞ്ഞിരുന്നു. ചൈനീസ് പ്രതിനിധികൾക്ക് മുമ്പിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ വിലകുറച്ച് കാണിച്ച് ബംഗ്ലാദേശിൻ്റെ മേൽക്കെ കാണിക്കാനാണ് യൂനുസ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉയർന്നിരുന്നു.
2020 ലാണ് ചരക്ക് നീക്കത്തിനുള്ള കരാർ ഇന്ത്യയും ബംഗ്ലദേശും തമ്മിലുണ്ടാക്കിയത്. ഇതോടെ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതി സുഗമമായി. ബംഗ്ലാദേശിന് നൽകുന്ന ഔദാര്യം എടുത്ത് കളയാൻ ഇന്ത്യൻ കയറ്റുമതി സമൂഹം ദീർഘനാളായി കേന്ദ്രസർക്കാരിനോട് ആവ്യശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ബംഗ്ലാദേശ് വികസനത്തിനായി ഇന്ത്യ ഈ സൗകര്യം ചെയ്തു കൊടുത്തത്. അതാണ് ഇപ്പോൾ റദ്ധാക്കിയത്.
ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയ്‌ക്കുള്ളതെന്ന് ഓര്‍ക്കണമെന്നും ബിംസ്റ്റക്ക് രാജ്യങ്ങളുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല മാറുകയാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് നല്‍കിയ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത്.



