ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്), ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 8.45 ഓടെയാണ് അപകടം. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരുക്കേറ്റത്. ചില ബസ് യാത്രക്കാർക്കും പരുക്കേറ്റു. എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയം ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.