ന്യൂഡല്‍ഹി: മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (88) അന്തരിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ 3.20-ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിലായിരുന്നു അന്ത്യം. പൊക്രാന്‍ 1 (സ്‌മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ചിദംബരം. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ചിദംബരത്തെ ആണവരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 1975-ല്‍ പദ്‌മശ്രീയും 1999-ല്‍ പദ്‌മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് 1962-ലാണ് അദ്ദേഹത്തിന് ഡോക്‌ടറേറ്റ് ലഭിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ ചേര്‍ന്നു. 1990-ല്‍ അദ്ദേഹം ഇതിന്‍റെ മേധാവിയായി. 1993 മുതല്‍ 2000 വരെ രാജ്യത്തെ ആണവോര്‍ജ്ജ കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 1975-ല്‍ പൊഖ്റാനില്‍ നടന്ന സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവ സ്ഫോടന പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1988-ല്‍ പൊഖ്റാനില്‍ നടന്ന അണുപരീക്ഷണങ്ങളുടെ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഇദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. ഡിആര്‍ഡിഒയുമായി സഹകരിച്ചായിരുന്നു ഈ പരീക്ഷണങ്ങള്‍.
ആണവോര്‍ജ്ജ വകുപ്പിന്‍റെ നേതൃത്വത്തിലിരിക്കെ രാജ്യത്തെ ആണവ പ്ലാന്‍റുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തി. 1994-95-ല്‍ രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഇഎ) ഭരണസമിതി അധ്യക്ഷനുമായിരുന്നു. 2008-ല്‍ അദ്ദേഹത്തെ ഐഎഇഎയുടെ എമിനന്‍റ് പേഴ്‌സണ്‍ ഓഫ് കമ്മീഷന്‍റെ അംഗമായി നിയോഗിച്ചു