വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുക്കുക. 80 വയസ്സിനു താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കുക.
ലോകത്തെമ്പാടുമുള്ള 252 കർദിനാൾമാരിൽ 138 പേർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാനാകും. ഏറ്റവും കൂടുതൽ കർദിനാൾമാരുള്ളത് യൂറോപ്പിലാണ്. 39 ശതമാനം വോട്ട് ഇവിടെ നിന്നാണ് ലഭിക്കുക.
ഇന്ത്യയിൽ നിന്നു 4 പേർക്ക് മാത്രം ആണ് വോട്ട് അവകാശം ഉള്ളത്. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു. കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയിൽ 6 കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സായ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസിനും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല. സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ലിമീസ് തോട്ടുങ്കൽ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശമുള്ളത്.
സാധാരണ നിലയിൽ പാപ്പ കാലം ചെയ്ത് 15–20 ദിവസത്തിനുള്ളിലാകും അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. വോട്ട് അവകാശമുള്ള കർദിനാൾമാരെ ഇതിനായി സിസ്റ്റൈൻ പള്ളിയിലേക്ക് എത്തിക്കും. പുറം ലോകവുമായുള്ള ഇവരുടെ ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാർഥിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും. ഓരോ വോട്ടെടുപ്പിനു ശേഷവും ബാലറ്റുകൾ കത്തിക്കും. ബാലറ്റിൽനിന്നു വരുന്ന കറുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു