സന: യെമൻ തീരത്ത് 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 76 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. നിരവധി പേരെ കാണാതായി. മരിച്ചവരിലേറെയും എത്യോപ്യക്കാരാണ്. തൊഴിൽ തേടി ഗൾഫ് മേഖലയിലേക്ക് പോയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. 32 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. യെമൻ പ്രവിശ്യയായ അബ്യാനിൽ ജിബൂട്ടി തീരത്തിന് സമീപം ഇന്നലെയാണ് അപകടമുണ്ടായത്. അഭയാർഥികളും കുടിയേറ്റക്കാരുമടക്കം 157 പേർ ബോട്ടിലുണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് അപകടകാരണം.
ആഫ്രിക്കയിൽ നിന്ന് തൊഴിൽ തേടി ഗൾഫ് മേഖലയിലേക്ക് ആളുകൾ എത്തുന്നത് പതിവാണ്. സൊമാലിയ, ജിബൂട്ടി, എത്യോപ്യ, എറിട്രിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യെമനിലേക്കുള്ള ഏറ്റവും അപകടകരമായ പാതയാണിത്. ഭൂരിഭാഗം പേരും നിയമവിരുദ്ധമായി കുടിയേറുന്നതിനാൽ പരിശോധന ഒഴിവാക്കാനാണ് ഈ പാത തിരഞ്ഞെടുക്കുന്നത്. 2024 -ൽ യെമനിലേക്ക് കടക്കാൻ അറുപതിനായിരത്തിലധികം കുടിയേറ്റക്കാർ ഈ വഴി തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. 2023 -ൽ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 97,200 ആണ്.