Thursday, July 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം
നിപ

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം

by Editor

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്. ഇതോടെ ആശങ്ക അകന്നു. ഇവരില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റാര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.

കഴിഞ്ഞ ദിവസം മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നായിരുന്നു നിപ രോഗലക്ഷണങ്ങളോടെ പെണ്‍കുട്ടി മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ ഒന്നാം തീയതിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സ്രവം പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും രണ്ട് ജീവനക്കാരും അടുത്തിടപഴകിയ ബന്ധുക്കളും അടക്കം ക്വാറന്റൈനിലായി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലവും പോസിറ്റീവായിരുന്നു. പെണ്‍കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ക്വാറന്റൈനിലാണ്.

മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!