ടെഹ്‌റാൻ: ഇസ്രയേൽ, യുഎസ് ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടിയിൽ പശ്ചിമേഷ്യ യുദ്ധഭൂമിയായി. കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും ആക്രമണം നടന്നു. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ, സൗദി തുടങ്ങിയ ഇടങ്ങളിലാണ് ഇറാൻ മിസൈലാക്രമണം തുടരുന്നത്. ദുബായിലെ ആഡംബര കേന്ദ്രമാണ് ജുമൈറ ലേക്ക് ടവറില്‍ തീപ്പിടുത്തമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റെന്ന് ദുബായ് സ്ഥിരീകരിച്ചു. ടെൽ അവീവിലെ ഇറാന്‍റെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ഇസ്രായേല്‍ പ്രതികരിച്ചു. ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ചു.
അതിനിടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാനു നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് വാണിജ്യ കപ്പലുകൾ ഗൾഫ് മേഖലയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക്, ഗൾഫ് മേഖല, ഒമാൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ ശക്‌തമായ സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ സാധ്യമെങ്കിൽ കപ്പലുകൾ ഈ മേഖലയിൽ നിന്ന് മാറി സഞ്ചരിക്കാൻ ശുപാർശ ചെയ്യുന്നതായും യുഎസ് ഗതാഗത വകുപ്പിൻ്റെ മാരിടൈം അഡ്‌മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രതിരോധമന്ത്രിയും റവല്യൂഷനറി ഗാർഡിന്റെ കമാൻഡറും കൊല്ലപ്പെട്ടു. ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 പെണ്‍കുട്ടികൾ കൊല്ലപ്പെട്ടതായും റിപോർട്ടുകൾ വരുന്നുണ്ട്. തെക്കൻ ഇറാനിൽ എഴുപത് പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊട്ടാരവും ആക്രമണത്തിൽ തകർന്നു. ശനിയാഴ്ച പുലർച്ചെ തെഹ്‌റാനിലെ ഖമനേയിയുടെ വസതിക്ക് നേരെ മുപ്പതോളം ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഉപഗ്രഹ ചിത്രങ്ങളിൽ ഈ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണാം.
ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ സംയുക്‌ത ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് സൂചനയുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കാൻ’ ഇറാൻ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു. ഖമനയി ‘ഇനിയില്ല’ എന്ന് സൂചിപ്പിക്കുന്ന നിരവധി സൂചനകളുണ്ടെന്ന്, അദ്ദേഹത്തിൻ്റെ മരണം വ്യക്തമായി സ്‌ഥിരീകരിക്കാതെ നെതന്യാഹു പറഞ്ഞു. ഖമനയിയുടെ താമസസ്ഥലവും, റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും മുതിർന്ന ആണവ ഉദ്യോഗസ്‌ഥരും വധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (Ayatollah Ali Khamenei) കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി. ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഓപ്പറേഷൻ എപ്പിക് ഫ്യൂറി (Operation Epic Fury) എന്ന പേരിൽ ഇറാന്റെ സൈനിക-ഭരണ കേന്ദ്രങ്ങൾക്ക് നേരെ വൻതോതിലുള്ള വ്യോമാക്രമണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വ്യോമാക്രമണം നടത്തിയതായി സൈന്യം അറിയിച്ചു. ഇറാനിലെ പടിഞ്ഞാറൻ, മധ്യഭാഗങ്ങളിലുള്ള മിസൈൽ, വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ 200 യുദ്ധവിമാനങ്ങൾ പ്രഹരം ഏൽപ്പിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു. ഇസ്രേയേലിൻ്റെ ആക്രമണത്തിൽ ഇറാനിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് കൃത്യമായ കണക്കുകളോ വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനിലെ 24 പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളിൽ ഒറ്റ ദിവസം കൊണ്ട് 201 പേർ കൊല്ലപ്പെട്ടെന്നാണ് റെഡ് ക്രസൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയും ഇസ്രായേലും വ്യക്തമാക്കിയത്.
അതേസമയം, ആക്രമണത്തെ അപലപിച്ച് റഷ്യ അടക്കമുള്ള ലോക രാജ്യങ്ങൾ രംഗത്തെത്തി. അടിയന്തര യുഎൻ സുരക്ഷാ സമിതി യോഗം ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് ചേരും. ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉടൻ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സാഹചര്യം വഷളാക്കിയത് ഇറാൻ സർക്കാരെന്ന് യുക്രൈന്‍ വിമര്‍ശിച്ചു. ഇറാനെ ആണവായുധം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയാകെ യുദ്ധം വ്യാപിക്കുന്നു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം.


