ജെറുസലേം: ഖത്തറിലെയും ബഹ്‌റൈനിലെയും താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതോടെ അമേരിക്ക ഇറാനെതിരെ ആക്രമണം രൂക്ഷമാക്കി. ഇറാന്റെ മിസൈൽ ലോഞ്ചിംഗ് കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കൻ യുദ്ധവിമാനങ്ങൾ മിഷനുകൾ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ യെമനിലെ ഹൂതികളും ലെബനനിലെ ഹിസ്ബുള്ളയും ഇറാനു പിന്തുണയുമായി ഇസ്രായേലിന് നേരെ ആക്രമണം ശക്തമാക്കി. ഇതോടെ യുദ്ധം പല രാജ്യങ്ങളിലേക്ക് പടരുകയാണ്.
ഇസ്രായേലുമായി ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിവരികയാണ്. ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) തലവൻ ഹുസൈൻ സലാമി, സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി ഉൾപ്പെടെയുള്ള ആറോളം മുതിർന്ന സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടരുന്നതിനാലും ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതിനാലും കൃത്യമായ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
തങ്ങളെ ആക്രമിച്ചതിന് പകരമായി ഇറാൻ ഇസ്രായേലിന് നേരെ ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ചു. കൂടാതെ, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഖത്തറിലെ അൽ ഉദൈദ്, കുവൈത്തിലെ അലി അൽ സലേം, യുഎഇയിലെ അൽ ദാഫ്ര എയർബേസുകൾ, ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനം എന്നിവ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഒരു സാധാരണക്കാരൻ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യുഎഇ പ്രസ്താവിച്ചു. ഈ പ്രകോപനത്തിന് മറുപടി നൽകാനുള്ള പൂർണമായ അവകാശം തങ്ങളിൽ നിക്ഷിപ്‌തമാണെന്നും യുഎഇ അറിയിച്ചു.
ഇറാൻ നടത്തിയ ആക്രമണത്തിൽ തെക്കൻ ഇസ്രായേലിൽ പരിക്കേറ്റവരുടെ എണ്ണം കൂടുകയാണ്. ബഹ്‌റൈനിലും ഖത്തറിലും വലിയ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനങ്ങൾ കടുത്ത ഭീതിയിലാണ്. ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി കർശന ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാൻ, ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മിസൈൽ ആക്രമണ ഭീഷണിയുള്ള ഇടങ്ങളിൽ ഷെൽട്ടറുകളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരാൻ നിർദ്ദേശമുണ്ട്. മിക്ക ഗൾഫ് രാജ്യങ്ങളും വ്യോമപാത അടച്ചതിനാൽ, നാട്ടിലേക്ക് വരാൻ ഇരിക്കുന്നവർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പാക്കിയതിന് ശേഷം മാത്രം താമസസ്ഥലത്ത് നിന്ന് ഇറങ്ങാനാണ് നിർദ്ദേശം.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധ്യപൂർവദേശത്തേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പടെയുള്ളവർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൾഫിലെ മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരോട് താമസസ്ഥലങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം.


