ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ഇന്ന് (മാർച്ച് 29 ഞായറാഴ്ചയാണ്) വിജയ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ‘സി. ജോസഫ് വിജയ്’ എന്ന പേരിൽ അദ്ദേഹം പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ പേരുകളും പ്രഖ്യാപിച്ചു.
234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ടിവികെയുടെ തീരുമാനം. മത്സരം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്ന് വിജയ് പറഞ്ഞു. പാർട്ടിയുടെ ചിഹ്നമായ ‘വിസിലിന്’ (Whistle) വോട്ട് ചെയ്യാൻ വിജയ് അഭ്യർത്ഥിച്ചു. ഇത് ഒരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉയർത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു. വോട്ടർമാർ തന്നെയും മറ്റ് ടിവികെ സ്ഥാനാർത്ഥികളെയും തമ്മിൽ വേർതിരിക്കരുതെന്നും എല്ലാവരും ഒരുപോലെയാണെന്നും വിജയ് പറഞ്ഞു.
കരൂർ ദുരന്തത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ടിവികെ നേതാവായ വി.പി മതിയഴകൻ കരൂരിൽ മത്സരിക്കും. വില്ലിവാക്കം – ആധവ് അർജുന, ഗോപിചെട്ടിപാളയം – കെ.എ സെങ്കോട്ടയ്യൻ, തിരുച്ചെങ്കോട് – അരുൺരാജ്, തിരുപ്പരൻകുന്ത്രം – സിടിആർ നിർമൽ കുമാർ, ടി നഗർ- ബുസി ആനന്ദ് എന്നിവരാണ് മത്സരിക്കുന്ന മറ്റു പ്രമുഖർ. കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ ടി.വി.കെ സ്ഥാനാർത്ഥിയായി വി.എസ്. ബാബു മത്സരിക്കും. ചേപ്പോക്ക് മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ സെൽവം മത്സരിക്കും.
മയക്കുമരുന്ന് വിമുക്ത തമിഴ്‌നാട്, 29 വയസിനു ശേഷം ജോലി ലഭിക്കാത്തവർക്ക് പ്രതിമാസ സഹായം, സർക്കാർ ജോലി നിയമനങ്ങളിൽ ഉത്തരവാദിത്വത്തിനും സുതാര്യതയ്ക്കും വേണ്ടിയുള്ള നിയമം തുടങ്ങിയവയാണ് ടിവികെയുടെ മുഖ്യ വാഗ്‌ദാനങ്ങൾ. തമിഴ്‌നാട് നിയമസഭയിലെ 234 മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും.

