പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
1942 മെയ് 24-ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ ചെറുപ്പം മുതലേ പ്രകൃതിയോടും ശാസ്ത്രത്തോടും താല്പര്യം കാണിച്ചിരുന്നു. അച്ഛൻ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിൽ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷനുമായിരുന്നു. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ‘മാത്തമാറ്റിക്കൽ ഇക്കോളജി’യിൽ പി.എച്ച്.ഡി കരസ്ഥമാക്കി.
ഇന്ത്യയിൽ തിരിച്ചെത്തിയ ഗാഡ്ഗിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി ചേർന്നു. അവിടെ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് ഇന്നും ഏഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. രാജ്യം പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനമായിരുന്നു. 2010-ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അദ്ദേഹത്തെ ഇതിനായി നിയോഗിച്ചത്. 2011-ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് പശ്ചിമഘട്ടത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല.
2018-ലെയും 2019-ലെയും കേരളത്തിലെ പ്രളയകാലത്ത്, ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. വയനാട്ടിൽ 2024-ലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ക്വാറികളുടെ നിരന്തരപ്രവർത്തനവും പാറപൊട്ടിക്കലും കാരണമെന്നാണ് പ്രഫ. മാധവ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.



