Thursday, July 10, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം; പ്രതിഷേധം കനക്കുന്നതിനിടെ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്.
കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം; പ്രതിഷേധം കനക്കുന്നതിനിടെ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം; പ്രതിഷേധം കനക്കുന്നതിനിടെ ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്.

by Editor

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു.

അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരത്തേ വരാത്തതില്‍ പരിഭവമില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും മാധ്യമങ്ങളോട് പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് മന്ത്രി വരാന്‍ വൈകിയത്. ഇക്കാര്യം നേരത്തേ വിളിച്ചപ്പോഴും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി വന്നതില്‍ കുടുംബത്തിന് സന്തോഷമുണ്ട്. മകന്റെ ജോലിക്കാര്യം അടക്കം മന്ത്രിയോട് പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശ്രുതന്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ മന്ത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപായപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം ഇടപെട്ട് നിലയ്ക്ക് നിര്‍ത്തണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയില്‍ വീണാ ജോര്‍ജിന്റെ വീട് ആക്രമിക്കാന്‍ ശ്രമം ഉണ്ടായെന്ന് ചൂണ്ടികാട്ടിയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

യുഡിഎഫിനും ബിജെപിക്കും എതിരെ ഇടതു യുവജന സംഘടന പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെക്കാലമായി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫും ബിജെപിയും ഒറ്റ മുന്നണിയായി മന്ത്രി വീണാ ജോര്‍ജിനെ മോശപ്പെടുത്താന്‍ പരിശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ പേരില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട. ആ തീരുമാനത്തിന് ഡിവൈഎഫ്‌ഐ അറുതി വരുത്തുമെന്ന് ബി നിസാം പറഞ്ഞു.

ആരോഗ്യവകുപ്പ് മണ്ടയില്ലാത്ത തെങ്ങ് പോലെയായെന്ന് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ് എംഎല്‍എ പറഞ്ഞു. കപ്പല്‍ ഓടി അലയുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ പെയിന്റ് കൂട്ടി അടിച്ചാലും ആരോഗ്യ വകുപ്പിനെ ഇനി വെളുപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു മഹേഷിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും വീണാ ജോര്‍ജിന്റെയും മുഖംമൂടി ധരിച്ച്, കപ്പലിന്റെ മാതൃക തയ്യാറാക്കി നഗരപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിട്ടുണ്ട്. വീണാ ജോര്‍ജിനെതിരെ യൂത്ത് ലീഗും ബിജെപിയും ആശ വര്‍ക്കര്‍മാരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതേസമയം, മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ പ്രതികരിച്ചു. യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും ജോൺ വി സാമുവൽ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും. എല്ലാ പരാതികളും അന്വേഷിച്ചാകും റിപ്പോർട്ട് നൽകുക. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റൽ അപാകതകളിലും ഇടപെടും. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അപാകതകളും അന്വേഷിക്കും. വിദ്യാർത്ഥികൾ ഉയർത്തിയ പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കും. പ്രിൻസിപ്പാളിനോട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. 14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!