തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലേക്കു ബിജെപി എത്തുമ്പോൾ തലസ്ഥാന നഗരിയെ ഇനി അഡ്വ. വി. വി രാജേഷ് നയിക്കും. 47ാമത് മേയറായാണ് അദ്ദേഹം എത്തുന്നത്. കരുമം വാര്‍ഡ് കൗൺസിലറായ ആശാനാഥ്. ജി. എസ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബിജെപി കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ചയാണ് കോർപ്പറേഷനിൽ മേയർ- ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. രണ്ടുപതിറ്റാണ്ടായി തിരുവനന്തപുരത്തെ ബിജെപിയുടെ മുഖമായ വി.വി. രാജേഷ്, ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എബിവിപി, യുവമോർച്ച, ബിജെപി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂജപ്പുരയിൽനിന്ന് വിജയിച്ച അദ്ദേഹം, ഈ വർഷം കൊടുങ്ങാനൂരിൽനിന്നാണ് ജയിച്ചത്.
തൃപ്പൂണിത്തറ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി അഡ്വ. പിഎൽ ബാബുവിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി രാധികാ വർമ്മയെയും ബിജെപി പ്രഖ്യാപിച്ചു.



