Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക

ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതിനാൽ പുതിയ ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക

റഷ്യ-അമേരിക്ക ആണവ കരാർ അവസാനിച്ചു

by Editor

വാഷിംഗ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യ-അമേരിക്ക ആണവ കരാർ അവസാനിച്ചതിനാൽ റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അതേസമയം ഈ ഘട്ടത്തിൽ നിരായുധീകരണ ചർച്ചകളിൽ പങ്കുചേരാൻ പദ്ധതിയിടുന്നില്ലെന്ന് ചൈന അറിയിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് റഷ്യ നിർദ്ദേശിച്ചു. ആണവായുധ നിയന്ത്രണം എന്നത് ഇനി അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാവില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും, ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അര നൂറ്റാണ്ടായി പുതുക്കിയും പരിഷ്‌കരിച്ചും തുടർന്നു വന്ന റഷ്യ-അമേരിക്ക ആണവ കരാറായ ‘ന്യൂ സ്റ്റാർട്ട് കാലാവധി ഫെബ്രുവരി അഞ്ചിന് ആണ് ഔദ്യോഗികമായി അവസാനിച്ചത്. . അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളായ അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ആണവായുധ നിയന്ത്രണ കരാറുകൾ പൂർണമായും ഇല്ലാതാകുന്നത്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ നിർദേശിച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായില്ല. ചൈനയെ കൂടി ഉൾപ്പെടുത്തി പുതിയ കരാറിനോടാണ് ട്രംപിന് താൽപര്യം. 2021-ൽ അവസാനിക്കേണ്ടിയിരുന്ന കരാർ പിന്നീട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. പ്രവർത്തനസജ്ജമായ 1,550 ആണവ പോർമുനകളും 700 ഇൻ്റർകോണ്ടിനെന്റ്റൽ ബാലിസ്റ്റിക് മിസൈലുകളും മാത്രമേ ഇരുരാജ്യങ്ങളും വിന്യസിക്കാവൂ എന്ന് നിഷ്കർഷിക്കുന്നതാണ് ഉടമ്പടി.

2020 ജൂണിൽ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും അമേരിക്കൻ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. ഇത്തരം പരീക്ഷണങ്ങൾ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൈനയ്ക്ക് അറിയാവുന്നത് കൊണ്ട് ചൈന അത് മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസഡർ ഷെൻ ജിയാൻ ശക്തമായി എതിർത്തു. അമേരിക്ക ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം അബുദാബിയിൽ യുക്രെയ്ൻ സമാധാന ചർച്ചയ്ക്കിടെ, കരാർ നീട്ടുന്നത് സംബന്ധിച്ച് യു.എസ്, റഷ്യൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തെന്നാണ് വിവരം. അതേ സമയം ഉന്നത സൈനികതല സംഭാഷണങ്ങൾ പുനസ്ഥാപിക്കാൻ അമേരിക്കയും റഷ്യയും തീരുമാനിച്ചു. യുക്രെയ്ൻ അധിനിവേശ പശ്ചാത്തലത്തിൽ ഇത് നിർത്തി വച്ചിരിക്കുകയായിരുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!