Tuesday, March 24, 2026
Home » അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പതാക വഹിച്ച ടാങ്കർ കപ്പലിനെ ഇറാൻ തടഞ്ഞു.
ഇറാൻ അമേരിക്ക

അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പതാക വഹിച്ച ടാങ്കർ കപ്പലിനെ ഇറാൻ തടഞ്ഞു.

by Editor
Send your news and Advertisements

ടെഹ്റാൻ: അറബിക്കടലിൽ ഇറാന്റെ ഡ്രോൺ വെടി വെച്ചിട്ട് അമേരിക്ക. ചൊവ്വാഴ്ച അറബിക്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നീങ്ങിയ ഇറാന്റെ ഷാഹേദ്-139 ഡ്രോൺ ആണ് അമേരിക്കൻ സൈന്യം വെടിവച്ച് വീഴ്ത്തിയത്. എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെൽത്ത് യുദ്ധവിമാനമാണ് ഡ്രോൺ വെടിവച്ചിട്ടത്. വിമാനവാഹിനി കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയിൽ ആണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

ഡ്രോൺ അടുത്തു വരുമ്പോൾ ഇറാൻ തീരത്തുനിന്ന് ഏകദേശം 800 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലായിരുന്നു കപ്പൽ. അതേസമയം ഡ്രോൺ അന്താരാഷ്ട്ര ജലത്തിന് മുകളിൽ സാധാരണ നിരീക്ഷണത്തിലായിരുന്നുവെന്നും, ഒരു ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ ദിവസം തന്നെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പതാക വഹിച്ച ഒരു ടാങ്കർ കപ്പലിനെ ഇറാന്റെ ബോട്ടുകൾ തടയാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പതാക വഹിച്ച എം/വി സ്റ്റീന ഇംപെറേറ്റീവ് എന്ന ടാങ്കർ കപ്പലിനെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് ബോട്ടുകൾ തടയാൻ ശ്രമിച്ചത്. ആറ് സായുധ ബോട്ടുകൾ കപ്പലിനെ വളയുകയും എൻജിൻ നിർത്തി കപ്പലിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കപ്പൽ വേഗത വർദ്ധിപ്പിച്ച് അവിടെനിന്ന് മാറുകയും തുടർന്ന് യുഎസ്എസ് മക്ഫോൾ എന്ന യുദ്ധക്കപ്പൽ ടാങ്കറിന് അകമ്പടി സേവിക്കുകയും ചെയ്തു എന്നാണ് വിവരം. ഈ സംഭവങ്ങൾ മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്നും ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവ് വ്യക്തമാക്കി. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

You may also like

error: Content is protected !!