ദുബായ്: ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാവുന്ന ‘ഗൾഫ് ഗ്രാൻഡ് ടൂർസ്’ എന്ന ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുന്നു. ഇത് നിലവിൽ വരുന്നതോടുകൂടി സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാൻ കഴിയും. 3 മാസം വരെയായിരിക്കും വീസയുടെ കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദയ്‌വി അറിയിച്ചു.
ഏകീകൃതവിസ നിലവിൽവരുന്നതോടെ ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഒഴിവാകും. ഗൾഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര, സാമ്പത്തിക മേഖലകൾക്ക് പുതിയ വിസാ സമ്പ്രദായം കരുത്തേകും. വിവിധരാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികൾ ഊർജിതമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ടീയ ബന്ധം സുദൃഢമാക്കാൻ പുതിയ വീസയിലൂടെ കഴിയുമെന്നാണു വിലയിരുത്തൽ.