ന്യൂയോര്‍ക്ക്: മൂന്നര വർഷമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാറിന് അന്തിമരൂപം നൽകിയത്. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രെയിനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്‍റ് അവകാശപ്പെട്ടു.
സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്കി പ്രതികരിച്ചു. ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കാണുമെന്നും സെലൻസ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ൻ, യുറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഞായറാഴ്‌ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചർച്ച നടത്തിയിരുന്നു. ജനീവയിൽ ചർച്ച ചെയ്ത, കരാറിലെ പ്രധാന വ്യവസ്‌ഥകളിൽ പ്രതിനിധികൾ പൊതുധാരണയിലെത്തിയെന്ന് യുക്രെയ്ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വിറ്റ്‌സർലൻഡിലെ പ്രാഥമിക ചർച്ചയിൽ സമാധാനപദ്ധതിയിലെ പിഴവുകൾ തിരുത്തിയതായും മൊത്തത്തിൽ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞിരുന്നു.
റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. ഇതിനായി വരുംദിവസങ്ങളിൽ ഇരുരാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
യുക്രെയ്ൻ നാറ്റോയിൽ ചേരാൻ പാടില്ല. യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം. യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്‌ക് , ഡോണെറ്റ്സ്‌ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കും. ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കയ്യിൽവയ്ക്കും. സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു കൊടുക്കണം എന്നൊക്കെയാണ് കരാറിലെ വ്യവസ്‌ഥകൾ എന്നാണ് സൂചന.



