Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » പ്രൊഫ. എസ്. ഗുപ്തൻ നായർ വിട പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകൾ
പ്രൊഫ. എസ്. ഗുപ്തൻ നായർ വിട പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകൾ

പ്രൊഫ. എസ്. ഗുപ്തൻ നായർ വിട പറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകൾ

by Editor

ഞങ്ങളുടെ കാലത്ത്, ഒൻപതാം ക്ളാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കിൽ ‘സ്വാതി തിരുന്നാളിന് മുന്നിൽ‘ എന്നൊരു ഉപന്യസം പഠിക്കാനുണ്ടയിരുന്നു. എസ്. ഗുപ്തൻ നായർ സാറിൻ്റെ ഈ ഈ രചനയാണ് (ലഷ്‌ണയുക്തമായ ഒരു രമ്യോപന്യസം – essay), ശാസ്ത്രീയ സംഗീതത്തിലും (അതിൻ്റെ ചരിത്രത്തിലും) എനിക്ക് താൽപ്പര്യം ജനിപ്പിച്ചത്. അത് പഠിപ്പിച്ച ഞങ്ങളുടെ മലയാളം മാസ്റ്റർക്കും- കെ. വി. ജി. നായർ- അതിൽ പങ്കുണ്ട്; അത്ര ഹൃദ്യമായ ക്ലാസ്….

പിൽക്കാലത്ത്, ഒരു വിദ്യാഭാസ മാസികയ്ക്കു വേണ്ടി ‘സ്വാതി തിരുന്നാളിന് മുന്നിൽ‘ എന്ന രചനയെക്കുറിച്ചു ഗുപ്തൻ നായർ സാറുമായി ഞാനൊരു അഭിമുഖം നടത്തിയപ്പോൾ, ഒരു റേഡിയോ പ്രഭാഷണത്തിനായ ആണ് അതാദ്യം എഴുതിയനെന്നു വെളിപ്പെടുത്തി.

പിന്നീട് ഗുപ്തൻ നായർ സാറുമായി നല്ല പരിചയവും സൗഹൃദവും സ്ഥാപിച്ചു. അദ്ദേഹം ചിഫ് എഡിറ്റർ ആയും ഞാൻ എക്‌സ്‌ക്യൂട്ടീവ് എഡിറ്റർ ആയും (എൻ. വി. കൃഷ്ണവാരിയർ എഡിറ്ററൽ ബോർഡ് ചെയർമാൻ ആയും) പ്രവർത്തിച്ച ‘വിശ്വവിഞ്ജാനകോശം‘ കാലം (1988-91) ഇപ്പോൾ ഓർത്തു പോകുന്നു…. തെളിഞ്ഞ ഗദ്യത്തിൻറെയും ലക്ഷണയുക്തതമായ ഉപന്യാസത്തിൻറെയും എഴുത്തുകാരൻ എന്ന് ഗുപ്തൻ നായർ സാറിനെ വിശേഷിപ്പിക്കാം; എന്നാൽ അത് മാത്രമായിരുന്നില്ല അദ്ദേഹം….

20-ാം ഓർമ്മദിനം.

ജീവിതം; സംഭാവനകൾ
മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍, അദ്ധ്യാപകന്‍, നിരൂപകന്‍, പ്രാസംഗികന്‍, വിദ്യാഭ്യാസചിന്തകന്‍ ഇങ്ങനെ പോകുന്നു പ്രൊഫസര്‍ ഗുപ്‌തന്‍ നായര്‍ക്കുള്ള വിശേഷണങ്ങള്‍. നമ്മുടെ ഇന്നത്തെ പാട്ടെഴുകാർ വരുംമുമ്പ്, ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് എഴുതിയ സംഗീതാസ്വാദകൻ; അക്കാലത്തെ ഒരു മികച്ച ടെന്നീസ് കളിക്കാരന്‍ ഇങ്ങനെ നീണ്ട പട്ടികയുണ്ട്……  ആറുദശകം സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ആത്മീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു. 2005-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമുന്നതമായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനര്‍ഹനായി.

സതീർത്ഥ്യനും ആത്മസുഹൃത്തായ കാവ്യഗന്ധര്‍വന്‍ ചങ്ങമ്പുഴയാണ് ‘മംഗളോദയം’ മാസികയില്‍ പുസ്തക നിരൂപണമെഴുതാനുള്ള വാതില്‍തുറന്നു കൊടുത്തത് (1945). ഈ രണ്ടു പ്രഗല്ഭമതികളും ഓണേഴ്സ് പഠനകാലത്ത് തിരുവന്തപുരം മഹാരാജാസ് ഗവ. ആര്‍ട്സ് കോളേജില്‍ ഒന്നിച്ചായിരുന്നു (1939-’41) ഇദ്ദേഹത്തിന്റെ ആദ്യകാല വിമര്‍ശനരചനകൾ ആസ്വദിച്ച ചങ്ങമ്പുഴ, ഗുപ്തന്‍ നായര്‍ക്ക് ഒരു വാള്‍ട്ടര്‍ പേറ്ററാകാന്‍ (Walter Pater -1839-1894) കഴിയുമെന്നു പ്രവചിച്ചത് സാക്ഷാത്കരിക്കപ്പെട്ടു എന്നുതന്നെ പറയാം.

ഉത്തമ സാഹിത്യം ‘ഇസ’ങ്ങള്‍ക്കപ്പുറമാണെന്നു അദ്ദേഹം തീവ്രമായി വിശ്വസിച്ചു. വിമര്‍ശന ജീവിതത്തിന്റെ പ്രാരംഭത്തില്‍ കേസരി എ. ബാലകൃഷ്ണപിള്ളയാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഗുപ്തന്‍ നായർ അനുസ്മരിക്കുന്നുണ്ട്. 1983-ല്‍ ഗുപ്തന്‍ നായരുടെ ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ക്ക് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചപ്പോഴുള്ള ഒ.എന്‍.വി. കുറുപ്പിന്റെ പ്രസ്താവന തികച്ചും അന്വര്‍ഥമാണ്. “ക്രിയാത്മക വിമര്‍ശക സാഹിത്യത്തിന് ദേശീയാംഗീകാരമാണിത്.” (ഒ.എന്‍.വി. കുറുപ്പിന്റെ ഗുരുവുമാണ് ഗുപ്തന്‍ നായർ) നിരൂപണത്തില്‍ സമചിത്തത പാലിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു പ്രൊഫ. ഗുപ്തന്‍ നായര്‍. സരളവും ഋജുവും ലളിതവുമായ ശൈലി.

ജനനം കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ 1919 ആഗസ്‌റ്റ്‌ 22 -ന്‌. പിതാവ്‌ സംസ്‌കൃത പണ്ഡിതനും ആയുര്‍വേദ വൈദ്യനുമായിരുന്ന ശങ്കരപ്പിള്ള. മാതാവ്‌ ചെങ്ങാലപ്പള്ളി വീട്ടില്‍ ശങ്കരിയമ്മ.

കായംകുളം ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍, തിരുവനന്തപുരം ആര്‍ട്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

അന്ന് സഹപ്രവർത്തകനായിരുന്ന ഡോക്ടർ കെ. ഭാസ്കരൻ നായർ, പിന്നീട്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ആയപ്പോൾ ഉണ്ടായ നീരസം കൊണ്ട് തിരുവന്തപുരത്തു നിന്ന് എന്നെക്കുമായി സ്ഥലം മാറ്റപ്പെട്ടു. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം നൽകി; അന്ന് ഏറ്റവും വടക്കുള്ള സർക്കാർ കോളേജ് അതായിരുന്നു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഒരു തലമുറയ്‌ക്ക്‌ മറക്കാനാകാത്ത അദ്ധ്യാപകനായിരുന്നു പ്രൊഫ. ഗുപ്‌തന്‍ നായര്‍.

1983-1984-ൽ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും, 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യകൃതിയായ ‘ആധുനികസാഹിത്യം‘ 1951-ല്‍ പ്രസിദ്ധീകൃതമായി. ‘ക്രാന്തദര്‍ശികള്‍’, ‘ഇസങ്ങള്‍ക്കപ്പുറം’, ‘കാവ്യസ്വരൂപം’, ‘തിരയും ചുഴിയും’, ‘സമാലോചനവും പുനരാലോചനവും’, ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍‘ എന്നിവയാണു മുഖ്യകൃതികള്‍. ‘അസ്ഥിയുടെ പൂക്കള്‍‘ (1998) എന്ന ജീവചരിത്ര/കവിതാപഠനം കവി ചങ്ങമ്പുഴയുടെ ജീവിതവും കവിതയും തമ്മിലുള്ള സമവായസംബന്ധം സൂക്ഷ്മമായി നിരീക്ഷിക്കുന്നു; ഒരു പ്രധാന കൃതിയാണിത്. ‘കണ്‍സൈസ് ഇംഗ്ലീഷ് മലയാളം നിഘണ്ടു’ ഇദ്ദേഹത്തിന്റെ മറ്റൊരു വിലപ്പെട്ട സംഭാവനയാണ്. ‘ചങ്ങമ്പുഴ‘ (ഇംഗ്ലീഷ്), ‘സി.വി. രാമന്‍പിള്ള‘ (ഇംഗ്ലീഷ്) കൃതികളും ഇദ്ദേഹത്തിന്റെതായുണ്ട്.

വിവർ‍ത്തനങ്ങള്‍ ഉള്‍പ്പെടെ 15 -ലേറെ കൃതികളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. Ph.D. ബിരുദധാരിയല്ലെങ്കിലും സർ‍വകലാശാലകളിലെ അംഗീകൃത മലയാള ഗവേഷണ ഗൈഡ് ആയിരുന്നു… നൂറ്റമ്പതോളം ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം പ്രൗഢമായ അവതാരികകള്‍ എഴുതി. മഹാകവി ജി.യുടെ ‘ഓടക്കുഴല്‍’ എന്ന ജ്ഞാനപീഠ സാഹിത്യപുരസ്‌കാരം കരസ്ഥമാക്കിയ കവിതാസമാഹാരത്തിന് ചാര്‍ത്തിയ അവതാരിക (‘ഏറ്റവും ശ്രദ്ധേയനായ കവി‘-1949) ഏറെ വിഖ്യാതം.

അദ്ദേഹത്തിൻ്റെ ആത്മകഥ ‘മനസാസ്മരാമി‘ ഏറെ പ്രസിദ്ധമാണ്; ഇത് ‘മാതുഭൂമി ആഴ്ചപ്പതിപ്പ്’ (അക്കാലത്തെ എഡിറ്റർ: കമൽ റാം സജീവ്) പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചപ്പോൾ ‘സമകാലിക മലയാളം’ വരിക ഏറ്റെടുത്തു പ്രസിദ്ധികരിച്ചു…. അത് പിന്നീട് വായനക്കാർക്കു പ്രീയപ്പെട്ടതായി….

ശ്രദ്ധേയങ്ങളായ ഒട്ടേറെ കൃതികളുടെ കര്‍ത്താവായ പ്രൊഫസറെ തേടി അനവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്‌. ‘ഇസങ്ങൾക്കപ്പുറം’ എന്ന കൃതിക്ക് 1966-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌, ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങൾക്ക്‘ 1984-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർ‍ഡ്‌, 1995-ൽ വള്ളത്തോൾ പുരസ്‌കാരം, 1998-ൽ വയലാർ അവാർ‍‍ഡ്‌, 2005-ൽ എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി ഒട്ടനവധി.

‘കാറ്റില്‍ പറക്കാത്ത കത്തുകള്‍’ (1991 – അവതാരിക: കെ. അയ്യപ്പപ്പണിക്കര്‍) എന്ന പേരിൽ ഗുപ്തൻ നായർ തനിക്കു കിട്ടിയ പ്രമുഖരുടെ പ്രസക്തതമായ കത്തുകള്‍ ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുകാരനും ഗവേഷകനുമായ മകൻ എം.ജി. ശശിഭൂഷൺ, ഇപ്പോൾ ഗുപ്തൻ നായർ മറ്റുള്ളവർക്ക് എഴുതിയ കത്തുകള്‍ ശേഖരിക്കുകയാണ്- അത് ഗ്രന്ഥരൂപത്തിൽ പ്രതീക്ഷിക്കാം.

2006 ഫെബ്രുവരി 6-ന്, 86-ാം വയസ്സിൽ അന്തരിച്ചു. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ.

“ഓണാട്ടുകര ഭാഷയുടെ നേരും ചൊവ്വും ചന്തവും ആ ബുദ്ധിക്ക് സ്വന്തമെന്നു” സുപ്രസിദ്ധ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ഗുപ്തൻ നായരെപ്പറ്റി കുറിച്ചിട്ടുണ്ട്. (‘ഓണാട്ടുകരപ്പാകം’)

ഇരയിമ്മൻ തമ്പി രചിച്ച് ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ “കരുണ ചെയ്വാനെന്തു താമസം നീ കൃഷ്ണാ....” എന്ന കീർത്തനം അന്നുവരെ എല്ലാ ഗായകരും പാടിയിരുന്ന ‘ശ്രീരാഗ‘ത്തിൽ നിന്നു മാറി യദുകുല കാംബോജിയിൽ പാടുന്നതിന് ചെമ്പൈ വൈദ്യനാഥ ഭാഗവതരോട് ഗുപ്തൻ മാഷ് അഭ്യർത്ഥിക്കുകയും അപ്രകാരം പാടിയതിന് ഇന്ന് കൂടുതൽ പ്രചാരം സിദ്ധിക്കുകയും ചെയ്തു…

ഗുപ്തൻനായർ അങ്ങനെ നിർദ്ദേശിക്കാൻ കാരണമുണ്ട്. ഘനരാഗമായ ശ്രീരാഗത്തിന് വീരരസമാണ് സ്ഥായി എന്നതുകൊണ്ട് കീർത്തനത്തിൻ്റെ ആശയം കരുണ രസമാകയാൽ ചേർച്ചക്കുറവ് അദ്ദേഹത്തിന് തോന്നുക സ്വാഭാവികം. ശ്രീയിൽ ചെയ്ത Composition ഗംഭീരം എങ്കിലും യദുകുല കാംബോജിയുടെ കരുണ ഭാഗം കീർത്തനത്തിൻ്റെ അർത്ഥത്തിന് കൂടുതൽ യോജിച്ചു വരുന്നു.
(അനുബന്ധം- കടപ്പാട്: പള്ളിക്കോണം രാജീവ്)

ആർ. ഗോപാലകൃഷ്ണൻ

 

Send your news and Advertisements

You may also like

error: Content is protected !!