വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനം. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്നിൻ്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇവർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഞങ്ങൾ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചർച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. സെലെൻസ്കിക്കും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുള്ളതിനാൽ അത് അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. പുടിനും സമാധാനം ആഗ്രഹിക്കുന്നു. എല്ലാം നന്നായി ഭവിച്ചാൽ യുദ്ധം തീരുമെന്നും ട്രംപ് അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ കോൾ പുടിൻ പ്രതീക്ഷിക്കുന്നതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു.
സമാധാനം സ്ഥാപിക്കുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് സെലെന്‍സ്‌കി സംസാരിക്കാന്‍ തുടങ്ങിയത്. ഈ ശ്രമങ്ങള്‍ക്കൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നെ പിന്തുണച്ച ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഫിന്‍ലാന്‍ഡ്, യുകെ, ജര്‍മനി തുടങ്ങിയ എല്ലാ രാജ്യങ്ങളോടും സെലെന്‍സ്‌കി നന്ദി അറിയിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡൊണാൾഡ് ട്രംപും വൊളോഡിമിർ സെലെൻസ്ക്‌കിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. യൂറോപ്യൻ നേതാക്കളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരത്തെ അലാസ്കയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ ഉച്ചകോടി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ.